ബി.ജെ.പി നീക്കം പൊളിക്കാന്‍ കേരളകര്‍ഷക സംഘത്തിന്‍റെ രാപ്പകല്‍ സമരം

farmer strike
SHARE

ലോക് സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റബര്‍വിലയുടെ പേരില്‍ ക്രൈസ്തവസഭകളെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി നീക്കം പൊളിക്കാന്‍ കേരളകര്‍ഷക സംഘത്തിന്‍റെ രാപ്പകല്‍ സമരം തുടങ്ങി. റബര്‍ താങ്ങുവില 300 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ സംഭരിക്കണം എന്ന ആവശ്യമാണ് സി.പി.എം പോഷകസംഘടന മുന്നോട്ടുവയ്ക്കുന്നത്. 

റബര്‍വില 300 രൂപയാക്കിയാല്‍ കേരളത്തില്‍ നിന്ന് എം.പിയില്ലെന്ന ബി.ജെ.പിയുടെ വിഷമം മാറ്റിത്തരാമെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയില്‍ പ്രസംഗിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ താങ്ങുവില 300 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ തന്നെ റബര്‍ സംഭരിക്കണം എന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം രാജ്ഭവന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങിയിരിക്കുകയാണ്.

റബര്‍വിലയിടിവിന് കാരണം കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണെന്നും ബി.ജെ.പി പറയുന്നത് വിശ്വസിക്കരുതെന്നും സമരം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ കിസാന്‍സഭ നേതാവ് വിജു കൃഷ്ണന്‍. റബറിനെ കാര്‍ഷിക വിളയായി അംഗീകരിക്കുക, റബര്‍ബോര്‍ഡ് ഓഫീസ് കേരളത്തില്‍ തന്നെ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘം ഉന്നയിക്കുന്നു. 1000 റബര്‍ കര്‍ഷകരെയും സമരത്തില്‍ കര്‍ഷകസംഘം അണിനിരത്തിയിട്ടുണ്ട്. നാളെ രാജ്ഭവനിലേക്ക് വന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചിന് മുന്നോടിയായി മലയോരമേഖലയില്‍ റബര്‍ കര്‍ഷകരുടെ ലോങ് മാര്‍ച്ചും ഗൃഹസന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു. 

Day and night strike of Kerala Farmers Union started to destroy BJP's move

MORE IN KERALA
SHOW MORE