പിഎൻബി അക്കൗണ്ടില്‍ നിന്ന് ജില്ലാ പഞ്ചായത്തിനും പണം നഷ്ടം; പരാതി നൽകാത്തതിനെതിരെ പ്രതിപക്ഷം

jillapanchayathn
SHARE

കോഴിക്കോട് കോര്‍പറേഷനു പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ജില്ലാ പഞ്ചായത്തിനും പണം നഷ്ടമായി. സ്നേഹസ്പര്‍ശം പദ്ധതിയുടെ പലിശ ഇനത്തിലാണ് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയുടെ കുറവ് കണ്ടത്. എന്നാല്‍ പണം കൈമാറ്റം ചെയ്തപ്പോള്‍ വന്ന പ്രശ്നമാണിതെന്നാണ് ബാങ്ക് അധികൃതര്‍ ജില്ലാ പഞ്ചായത്തിനെ അറിയിച്ചത്. പൊലിസില്‍ പരാതി നല്‍കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

വൃക്കരോഗികള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ സ്നേഹ സ്പര്‍ശത്തിന്റെ പഞ്ചാബ് ബാങ്കിലെ അക്കൗണ്ടിലാണ് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയുടെ കുറവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒാഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. എന്നാല്‍ 2021 ല്‍ തന്നെ ഇക്കാര്യം ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കറിയാമായിരുന്നു. തുടര്‍ന്ന് ബാങ്കിനെ സമീപിക്കുകയും ചെയ്തു. പദ്ധതിയുടെ പലിശവിഹിതം  കൈമാറ്റം നടത്തിയപ്പോള്‍ കൂടുതല്‍ തുക ജില്ലാ പഞ്ചായത്തിന്റെ  അക്കൗണ്ടിലേക്ക്മാറിപോയാതാണെന്നും പണം നഷ്ടമാവില്ലെന്നുമാണ് ബാങ്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം  രേഖാമൂലം നല്‍കാന്‍ ബാങ്ക് തയാറായിട്ടില്ല.

2021 ല്‍ ഇക്കാര്യം അറിഞ്ഞിട്ടും പൊലിസില്‍ പരാതി നല്‍കാത്തതിനെ പ്രതിപക്ഷം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെ ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു മാറ്റിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ടുകളില്‍ തിരിമറി നടന്ന സംഭവത്തില്‍ കോര്‍പറേഷനു നഷ്ടമായ പലിശ ഇതുവരെ പഞ്ചായത്ത് ബാങ്ക്  നല്‍കിയിട്ടില്ല.

MORE IN KERALA
SHOW MORE