
വേമ്പനാട് കായല്‍ പകുതിയിലധികവും നികത്തപ്പെട്ടുവെന്ന് പഠന റിപ്പോര്‍ട്ട്. വൻതോതിലുള്ള കയ്യേറ്റം മൂലം ജലസംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞെന്ന് കേരള ഫിഷറീസ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. കായലിലുണ്ടായിരുന്ന അറുപത് ഇനം മത്സ്യങ്ങൾ അപ്രത്യക്ഷമായതായും പഠനറിപ്പോര്‍ട്ട് പറയുന്നു.
120 വർഷത്തിനിടെ 158.7 ചതുശ്രകിലോമീറ്റർ കായലാണ് കരയായത്. അതായത് 43.5 ശതമാനം കായൽ ഇല്ലാതായി. 1900 ൽ 26175ലക്ഷം ക്യൂബിക് മീറ്ററായിരുന്ന സംഭരണ ശേഷി 3878.7 ലക്ഷം ക്യൂബിക് മീറ്ററായി കുറഞ്ഞു. മാലിന്യങ്ങൾ അടിഞ്ഞ് കായലിൻറെ ആഴവും കുറഞ്ഞു. കായലിൻറെ അടിത്തട്ടിലുള്ള മാലിന്യത്തിൽ 3005 ടൺ പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. ഇതും സംഭരണശേഷി കുറയാന്‍ കാരണമായി.
1980 ൽ 150 ഇനം ജീവജാലങ്ങളുണ്ടായിരുന്ന കായലില്‍ ഇപ്പോഴുള്ളത് 90 ഇനങ്ങള്‍ മാത്രം. വേമ്പനാട് കായലിനോട് ചേരുന്ന , അച്ചൻകോവിൽ, മീനച്ചൽ, പമ്പനദീതടങ്ങളിലും കുട്ടനാട്ടിലും വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്. കയലില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുകുന്നതിനുള്ള ചാലുകളും കാനാലുകളും അടഞ്ഞതും പ്രളയം രൂക്ഷമാക്കാന്‍ കാരണമായി. കായലിനെ പുരുജ്ജീവിപ്പിക്കുന്നതിനും ജൈവ ആവാസവ്യവസ്ത മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട് .
തണ്ണീർമുക്കത്ത് നടന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസലർ ഡോ.എം.റോസലിൻറ് ജോർജാണ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തത്. . കേരള സർക്കാറിൻറെ നിർദ്ദേശ പ്രകാരം കുഫോസിലെ സെൻറർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെൻറ് ആൻറ് കൺസർവേഷൻ അഞ്ചുവര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തീകരിച്ചത്.
vambanad lake faces serious issues