
പാലക്കാട് പുതുപ്പരിയാരത്ത് ബൈക്ക് യാത്രികന്റെ മരണത്തില്‍ ഗ്യാസ് ടാങ്കറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളിക്കോട് സ്വദേശി കൃഷ്ണകുമാറിന്റെ മരണത്തിലാണ് സേലം സ്വദേശി ശങ്കറിനെ ഹേമാംബിക നഗര്‍ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനെ ഇടിച്ച വാഹനം ആദ്യം തിരിച്ചറിയാനായിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പുതുപ്പരിയാരം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. പാലക്കാട് നിന്നും പുതുപ്പരിയാരം ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃഷ്ണകുമാറിനെ പിന്നില്‍ നിന്നെത്തിയ ഗ്യാസ് ടാങ്കര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ കൃഷ്ണകുമാറിന്റെ തലയില്‍ ടാങ്കറിന്റെ പിന്‍ചക്രം കയറിയാണ് മരണം സംഭവിച്ചത്. അപകടമുണ്ടാക്കിയത് ലോറിയാണെന്ന് ചിലര്‍ സംശയം പറഞ്ഞെങ്കിലും ആദ്യഘട്ടത്തില്‍ വാഹനം കണ്ടെത്താനായിരുന്നില്ല.
ഹേമാംബിക നഗര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. വാളയാറിനും കല്ലടിക്കോടിനും ഇടയിലുള്ള നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് കൃഷ്ണകുമാറിന്റെ ജീവനെടുത്തത് ഗ്യാസ് ടാങ്കറാണെന്ന് പൊലീസ് ഉറപ്പിച്ചത്. പിന്നാലെ ശങ്കറിനെയും ടാങ്കറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപകടവിവരം ശങ്കര്‍ അറിഞ്ഞില്ലെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ ഗ്യാസ് ടാങ്കറാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമായതായി ഹേമാംബിക നഗര്‍ പൊലീസ് അറിയിച്ചു.