
ഇ.എം.എസ് നമ്പൂതിരിപ്പാട് ഓര്‍മയായിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. ഐക്യകേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് തന്നെയാണ് കേരളമോഡലെന്ന് പ്രകീര്‍ത്തിക്കപ്പെട്ട വികസനമാതൃകയ്ക്ക് അടിത്തറയിട്ടത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ ഇ.എം.എസ് ആയിരുന്നു സന്നിഗ്ധഘട്ടങ്ങളില്‍ സി.പി.എമ്മിന് പ്രത്യയശാസ്ത്ര വ്യക്തത നല്‍കിയതും.
1998 മാര്‍ച്ച് 19.. ഇ.എം.എസ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞ ദിവസം. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതില്‍ മുഖ്യ പങ്കുവഹിച്ചയാള്‍, ഐക്യകേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി, ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് നേതാവ്, മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഇങ്ങനെ നീളുന്നു ആരാണ് ഇ.എം.എസ് എന്ന ചോദ്യത്തിനുള്ള ഉത്തരം.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തിനിടെ പലതവണ സി.പി.എം നേതാക്കള്‍, ഇ.എം.എസ് ഉണ്ടായിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ടാകും. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കടുത്ത ആശയക്കുഴപ്പത്തില്‍ വീണപ്പോള്‍, സിദ്ധാന്തത്തിനല്ല, പ്രയോഗിച്ചവര്‍ക്കാണ് കുഴപ്പമെന്നു പറഞ്ഞ് സി.പി.എമ്മിന് വ്യക്തതവരുത്തിയത് ഇ.എം.എസ് ആണ്.
പിളര്‍പ്പിന്‍റെ കാലത്തും നക്സല്‍ബാരിയുടെ ചൂട് പാര്‍ട്ടിയെ പൊള്ളിച്ചപ്പോഴും ബദല്‍രേഖ സൃഷ്ടിച്ച ആശയക്കുഴപ്പത്തിലും സൈദ്ധാന്തിക വ്യക്തത നല്‍കിയതും ഇ.എം.എസ് തന്നെ. ഭരണവും സമരവും ഒരുമിച്ചാകാമെന്ന് പറഞ്ഞതും ഇ.എം.എസ്. സൈദ്ധാന്തികാചാര്യന്‍ മാത്രമായിരുന്നില്ല, പ്രായോഗിക രാഷ്ട്രീയത്തിന്‍റെ മെയ് വഴക്കവും വേണ്ടുവോളം ഉണ്ടായിരുന്നു
കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഇ.എം.എസിന്‍റെ ചരിത്രബോധവും നിരീക്ഷണപാടവവും കേരളത്തിന്‍റെ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ കുറിച്ച് ആഴത്തിലുണ്ടായിരുന്ന ജ്ഞാനവും വ്യക്തമാക്കുന്നുണ്ട്. ആ ബോധ്യങ്ങളില്‍ നിന്നാണ് 1957ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഭൂപരിഷ്കരണ നടപടികള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടത്. വിമോചന സമരം ആളിക്കത്തിയതോടെ 1959ല്‍ കേന്ദ്രം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു.
വീണ്ടും 67ല്‍ അധികാരത്തിലെത്തിയെങ്കിലും അഞ്ചുവര്‍ഷം തികയ്ക്കാന്‍ ഇ.എം.എസിനായില്ല. 1976ല്‍ സി.പി.എം ജനറല്‍ സെക്രട്ടറിയായതോടെ പൂര്‍ണമായും സംഘടനാരംഗത്തേക്ക് മാറിയെങ്കിലും പാര്‍ട്ടി ഭരണത്തിലെത്തിയപ്പോഴൊക്കെ വഴികാട്ടിയും സ്വാധീനവുമായി തുടര്‍ന്നു. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയ്ക്ക് പിന്നിലും ഇ.എം.എസ് ഇട്ട അടിത്തറയുണ്ട്. ചെന്നൈ പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയ ഇ.എം.എസ് മരണം വരെ പൊളിറ്റ് ബ്യൂറോ അംഗമായി തുടര്‍ന്നു. മലപ്പുറം ജില്ലയിലെ ഏലംകുളം എന്ന സമ്പന്ന മനയില്‍ 1909ല്‍ പിറന്ന ഇ.എം.എസ് താന്‍ ആര്‍ജിച്ചതെല്ലാം പാര്‍ട്ടിക്ക് നല്‍കിയ ശേഷമാണ് വിടപറഞ്ഞത്.