പുഴയിൽ വെള്ളം ചൂടാകുന്നു; മീനില്ല, വള്ളങ്ങൾ കരയ്ക്കുകയറ്റി

kodungaloor-boat
SHARE

പുഴയിൽ വെള്ളം തിളയ്ക്കുന്ന വിധം ചൂട് കൂടിയതോടെ ഇൗ ആഴ്ചയും പുഴയിൽ മീൻപിടിത്തമില്ല. ഉൾനാടൻ മത്സ്യബന്ധനത്തിനു പ്രാധാന്യമുള്ള ആനാപ്പുഴയിലും സമീപത്തും ദിവസങ്ങളായി തൊഴിലാളികൾ പുഴയിൽ ഇറങ്ങിയിട്ട്. പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിലും കനോലി കനാലിലും മത്സ്യബന്ധനം നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന ഒട്ടേറെ മത്സ്യത്തൊഴിലാളി കളാണുള്ളത്.

ചീനവല, ഉൗന്നിവല, ചൂണ്ട, വീശു വല എന്നിവയിലാണു പതിവായി മത്സ്യബന്ധനം നടത്താറുള്ളത്. ചൂട് കാരണം ചൂണ്ടക്കാർക്കു പോലും പുഴയിൽ രക്ഷയില്ല. മീൻ വെള്ളത്തിന്റെ മുകൾത്തട്ടിലേക്കു വരുന്നില്ല. മുൻപ് സുലഭമായി ലഭിച്ചിരുന്ന കണമ്പ്, തിരുത, വറ്റ, പൂമീൻ എന്നിവ ഇപ്പോൾ ലഭിക്കുന്നില്ല. ചൂണ്ടക്കാർക്കു കാളാഞ്ചിയും ചെമ്പല്ലിയും പതിവായി ലഭിക്കാറുണ്ട്.

ഇപ്പോൾ ഇതും അപൂർവമായി മാറിയെന്നു തൊഴിലാളികൾ പറഞ്ഞു. മുൻകാലങ്ങളിലെ പോലെ വള്ളവും വലയും നിറയെ മീനൊന്നും ഇപ്പോൾ ലഭിക്കുന്നില്ലെന്നു പാത്രക്കടവിൽ സജീവൻ, പ്രേംലാൽ എന്നിവർ പറയുന്നു. ഒരാഴ്ചയിലേറെയായി ഇവരെല്ലാം മത്സ്യബന്ധനത്തിനു പോയിട്ട്.

MORE IN KERALA
SHOW MORE