
കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ടതോടെ അനാഥരായത് 3 കുട്ടികളാണ്. രഘുവിന്റെ ഭാര്യ ബീന 6 വർഷം മുൻപു തീ പൊള്ളലേറ്റു മരിച്ചതോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതു രഘുവായിരുന്നു. വീട്ടിലെ പാചകത്തിനും മറ്റുമായി രഘു തന്നെയാണു വിറകു ശേഖരിച്ചിരുന്നത്. ഇന്നലെ വിറകു തേടിയുള്ള യാത്ര മരണത്തിൽ അവസാനിച്ചു. ഇനി കുട്ടികളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് ഫാമിലെ താമസക്കാരും നാട്ടുകാരും.
രഘുവിനെ കൊലപ്പെടുത്തിയ കാട്ടാന ഫാമിലെ പത്താം ബ്ലോക്കിൽ തന്നെ നിലയുറപ്പിച്ചതായി ആശങ്ക. ആനയുടെ ആക്രമണത്തിനിരയായി രഘു വീണുകിടന്ന സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടാന സമീപത്തുണ്ടെങ്കിൽ അകറ്റാനായി പടക്കം പൊട്ടിച്ചിരുന്നു. എങ്കിലും കാട്ടാന സമീപത്തെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുണ്ടാകുമെന്നാണു ഫാമിലുള്ളവരും പൊലീസും കരുതുന്നത്. ആന പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിക്കുന്നുണ്ട്. വിറകു ശേഖരിക്കാൻ വീട്ടിൽ നിന്നിറങ്ങി സാധാരണ രഘു നടന്നിരുന്ന വഴിയിൽ തന്നെയാണ് ആനയെത്തി ആക്രമിച്ചത്. രഘുവിന്റെ വീടിനു മുന്നിലുള്ള റോഡിൽ നിന്ന് ഏതാണ്ട് 60 മീറ്റർ അകലെയാണു സംഭവം നടന്ന സ്ഥലം.
ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ കൂടെയുണ്ടായിരുന്ന പി.സിജു സംഭവത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ: ‘എടൂരിൽ ലോഡിങ് തൊഴിലാളിയാണു ഞാൻ. ഇന്നലെ ജോലിക്കു പോയെങ്കിലും പണിയില്ലാത്തതിനാൽ തിരിച്ചു വന്നു. പശുവിനു തീറ്റ കൊടുക്കാൻ പുല്ലരിയുന്നതിനായി ഇറങ്ങിയപ്പോഴാണു വിറകു ശേഖരിക്കണമെന്നു പറഞ്ഞ് രഘുവും ഒപ്പം കൂടിയത്. വീടിന്റെ വടക്കു ഭാഗത്ത് ഫാമിലൂടെ ഏതാണ്ട് 60 മീറ്റർ നടന്ന ശേഷം പുല്ലരിയുന്നതിനും വിറകു ശേഖരിക്കുന്നതിനുമായി ഞങ്ങൾ മാറി നടന്നു.
സിജു.
ഞങ്ങൾ തമ്മിൽ 15 മീറ്ററോളം അകലമുള്ളപ്പോഴാണു ദൂരെ വള്ളിപ്പടർപ്പുകൾ ശക്തമായി ഇളകുന്നതു കണ്ടത്. ആന ഓടി വരികയാണെന്നു മനസ്സിലാക്കി ഓടിക്കോ എന്ന് അലറി വിളിച്ചു ഞാൻ താഴെ റോഡിലേക്കോടി. ഞങ്ങൾ നടന്നുപോയ വഴിയിലൂടെയാണു രഘു തിരിച്ചോടിയത്. ഓടുന്നതിനിടയിൽ രഘു അലറി വിളിക്കുന്നതും ആന ചിന്നം വിളിക്കുന്നതും കേട്ടിരുന്നു. രഘുവിനെ ആന ആക്രമിച്ചെന്നു മനസ്സിലായതോടെ ഓടി രഘുവിന്റെ സഹോദരൻ രമണന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. ആന സമീപത്തുണ്ടെങ്കിൽ മാറി പോകുന്നതിനായി പടക്കം പൊട്ടിച്ച ശേഷമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം രഘു കിടക്കുന്ന സ്ഥലത്തേക്കു പോയത്.’
കാട്ടാനകളുടെ ആക്രമണത്തിൽ ഓരോ ജീവൻ പൊലിയുമ്പോഴും ആറളം ഫാമിലും പരിസരത്തുമുള്ളവർ നിലവിട്ടു പ്രതിഷേധിക്കുന്നത് ഇനിയൊരു ജീവൻകൂടി പൊലിയരുതെന്ന ദൃഢനിശ്ചയവുമായാണ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വൻ പ്രഖ്യാപനങ്ങൾ നടത്തി പ്രതിഷേധം തണുപ്പിച്ച് പൊടിയുംതട്ടി സ്ഥലംവിടുന്നതും ആവർത്തിക്കുന്നു, ഒപ്പം കാട്ടാനകളുടെ ആക്രമണങ്ങളും. കഴിഞ്ഞ സെപ്റ്റംബർ 27ന് ഫാമിൽ പതിനൊന്നാമത്തെ രക്തസാക്ഷിയായ വാസു കാളികയത്തിന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം കനത്തപ്പോൾ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു.
ആനമതിൽ നിർമിക്കുമെന്ന് ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തെങ്കിലും ഒന്നും നടന്നില്ല. വനംമന്ത്രിയും ചീഫ് സെക്രട്ടറിയും കലക്ടറും വൈൽഡ് ലൈഫ് വാർഡനും എല്ലാം കയ്യടിച്ചു പാസാക്കിയ തീരുമാനമാണു പതിവുപോലെ പാഴ്‌വാക്കായത്. ആറു മാസം പിന്നിടുമ്പോൾ ഫാമിൽ വീണ്ടും കാട്ടാനക്കലി ചോരവീഴ്ത്തി. ഇന്നും നാളെയുമായി വീണ്ടുമെത്തും ഇതേ ഉന്നതതല സംഘം. വെറുംവാക്കുകൾ ആവർത്തിക്കാനെന്ന് പുച്ഛത്തോടെയും നിസ്സഹായതയോടെയും പറയുന്നുണ്ട് ഫാം നിവാസികൾ.
2019 ജനുവരി 6ന് അന്നത്തെ പട്ടികവിഭാഗ മന്ത്രി എ.കെ.ബാലനായിരുന്നു വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ ആനമതിൽ നിർമിക്കുമെന്നു പ്രഖ്യാപിച്ചത്. ടിആർഡിഎം ഫണ്ടിൽ നിന്ന് 22 കോടി രൂപയും ഇതിനായി അനുവദിച്ചു. എന്നാൽ വനംവകുപ്പും ഉദ്യോഗസ്ഥ ലോബിയും നിരന്തരം പാര പണിതതോടെ മതിൽ കടലാസിലൊതുങ്ങി. കാട്ടാനകൾ ആക്രമണം തുടർന്നപ്പോൾ 2022 ജനുവരിയിൽ ടെൻഡർ നൽകാനായി പിഡബ്യുഡി എസ്റ്റിമേറ്റ് പുതുക്കി. അപ്പോഴേക്കും 10.5 കിലോമീറ്ററിന് തുക 46.2 കോടിയായി ഉയർന്നിരുന്നു. ബാക്കി 3 കിലോമീറ്റർ റെയിൽ ഫെൻസിങ്ങിന് കോടികൾ വേറെയും വേണം. ഇതോടെ പദ്ധതി വിവാദത്തിലായി.
തൊട്ടടുത്ത പാലപ്പുഴ മുതൽ കണിച്ചാർ കാളികയം വരെയുള്ള എട്ടര കിലോമീറ്ററിൽ നാട്ടുകാർ കൈകോർത്ത് ഒരുക്കിയ സൗരോർജ തൂക്കുവേലിക്ക് ആകെ ചെലവ് 4.8 ലക്ഷം രൂപ മാത്രമാണ്. തൂക്കുവേലി പണിത് രണ്ടു വർഷത്തിനിടെ ഒരിക്കൽപ്പോലും കാട്ടാനകൾ ഇതുവഴി കടന്നുവന്നിട്ടില്ല. അതിവേഗം ചെയ്യാവുന്ന പദ്ധതിയായിട്ടും ഇവിടെ തൂക്കുവേലി നിർമിക്കാനും അധികൃതർ തുനിഞ്ഞില്ല. കോടികളുടെ പദ്ധതികളിൽ കണ്ണിട്ട് എല്ലാത്തിനും ഉടക്കിടുന്ന എല്ലാ ഉന്നതരോടുമുള്ള തീർത്താൽ തീരാത്ത അമർഷമാണ് ഓരോ ദുരന്തമുണ്ടാകുമ്പോഴും പ്രകടിപ്പിക്കുന്നതെന്ന് ആറളം ഫാം നിവാസികൾ പറയുന്നു.