
നിർമാണത്തിലിരുന്ന കോൺക്രീറ്റ് തൂണിന്റെ മുകളിലേക്കു വീണയാളുടെ താടിയിൽ 2 വാർക്ക കമ്പി തുളച്ചു കയറി. ഗുരുതരമായി പരുക്കേറ്റെങ്കിലും ഇരുമ്പു കമ്പി മുറിച്ചുനീക്കി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തേനി സ്വദേശിയും ആലപ്പുഴയിൽ താമസിക്കുന്നയാളുമായ പെരിയ കറുപ്പൻ (57) ആണ് അപകടത്തിൽപെട്ടത്.
നഗരത്തിൽ കടലക്കച്ചവടത്തിന് എത്തിയതാണ്. ഇന്നലെ രാത്രി 10നു തിരുനക്കര ക്ഷേത്രത്തിനു സമീപം തിരുപ്പതി ലക്കിസെന്ററിനു പിൻവശമാണു സംഭവം. ഈ ഭാഗത്തെ താഴ്ചയിലേക്കു പെരിയ കറുപ്പൻ വീഴുകയായിരുന്നു. പ്രാഥമിക കൃത്യത്തിനായി ഇങ്ങോട്ടേക്കു പോയതാണെന്നു കരുതുന്നു.
കോൺക്രീറ്റ് തൂണിന്റെ പുറത്തേക്കു നീണ്ടുനിന്ന കമ്പികളുടെ മുകളിലേക്കാണ് ഇദ്ദേഹം വീണത്. താടിയിലൂടെ തുളച്ചുകയറിയ 2 കമ്പികൾ വായിലൂടെ പുറത്തുവന്നു. അലർച്ച കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോൾ കമ്പിയിൽ കുരുങ്ങിയ നിലയിൽ പെരിയ കറുപ്പനെ കണ്ടെത്തി. തുടർന്നു നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
ആറടിയോളം നീളമുള്ള കമ്പി കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായിൽ തുളഞ്ഞു കയറിയിരുന്ന കമ്പിയുടെ ബാക്കി ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി.സലി, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ പ്രിയദർശൻ, സുബിൻ, രഞ്ജു കൃഷ്ണൻ, സജിൻ, സണ്ണി ജോർജ്, അനീഷ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പൊലീസും സ്ഥലത്ത് എത്തി.