
തിരുവനന്തപുരം കാരേറ്റില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പേടികുളം പവിഴം വീട്ടില്‍ രാജേന്ദ്രനാണ് ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
ഇന്നലെ രാത്രി പതിനൊന്നരയൊടെയാണ് കട്ടിലില്‍ മുഖത്ത് തലയണയുമായി ശശികലയെയും വീടിന്റെ മുന്‍വശത്തെ മറ്റൊരു മുറിയില്‍ ഫാനില്‍ തുങ്ങി മരിച്ച നിലയില്‍ രാജേന്ദ്രനെയും കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകന്‍ അരുണ്‍ രാജ് രാത്രി സുഹൃത്തിനെ ഫോണ്‍ വിളിച്ച് വീട്ടിലെന്തോ പ്രശ്നം നടക്കുന്നുവെന്നും പോയി നോക്കണമെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തിയ സുഹൃത്ത് വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടാകത്തതു മൂലം രാജേന്ദ്രന്റെ അനിയനായ പ്രസാദിനെ വിളിച്ചുവരുത്തി. ശേഷം ജനാലയുടെ ചില്ലുകള്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ആദ്യഭാര്യ മരിച്ച ശേഷമുള്ള രാജേന്ദ്രന്റെ പുനര്‍വിവാഹമായിരുന്നു ശശികലയുമായുള്ളത്.
സാമ്പത്തികതര്‍ക്കത്തെത്തുടര്‍ന്ന് ശശികലയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകമെന്നാണ് പ്രഥാമിക നിഗമനം. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകു എന്നാണ് പൊലീസ് പറയുന്നത്.