കുഞ്ഞ് ജനിച്ച സന്തോഷത്തിൽ മിഠായി വാങ്ങി വിതരണം ചെയ്തു; നിറയെ പുഴുക്കള്‍; പരാതി

choclolate
SHARE

കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ യുവാവ് ബേക്കറിയില്‍ നിന്ന് വാങ്ങി ബന്ധുക്കള്‍ക്ക് വിതരണം ചെയ്ത ചോക്ലേറ്റില്‍ പുഴുവെന്ന് പരാതി. പാലക്കാട് മേപ്പറമ്പ് സ്വദേശി സന്തോഷിന്റെ പരാതിയില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ സമാനരീതിയിലുള്ള ചോക്ലേറ്റ് പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍, വൃത്തിഹീനമായ അന്തരീക്ഷത്തിലെ നിര്‍മാണം ഉള്‍പ്പെടെയുള്ള പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബേക്കറി പൂട്ടി.  

നഗരത്തിലെ ബേക്കറിയില്‍ നിന്നാണ് കഴിഞ്ഞദിവസം സന്തോഷ് ചോക്ലേറ്റ് വാങ്ങിയത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം അറിയിച്ച് ബന്ധുക്കള്‍ക്ക് വിതരണം ചെയ്തു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മിഠായി കഴിച്ചു. ഇതിനിടയിലാണ് മിഠായിക്കുള്ളില്‍ പുഴുവിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ബാക്കിയുണ്ടായിരുന്ന മുഴുവന്‍ മിഠായിയിലും സമാനരീതിയില്‍ പുഴുക്കള്‍. 

ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ പരിശോധനയില്‍ ബേക്കറിയിലുണ്ടായിരുന്ന ഇതേയിനം ചോക്ലേറ്റില്‍ പുഴു നുരയ്ക്കുന്നത് കണ്ടെത്തി. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ബേക്കറിയോട് ചേര്‍ന്നുള്ള മധുരനിര്‍മാണശാല വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. സാംപിളുകള്‍ ശേഖരിച്ച ശേഷം ബേക്കറി പൂട്ടാന്‍ നിര്‍ദേശിച്ചു. പുഴുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മിഠായി കഴിച്ചവര്‍ ആശങ്കയിലാണ്. 

MORE IN KERALA
SHOW MORE