കാരവന്‍ ടൂറിസത്തിന് കോടികള്‍ മുടക്കി; സര്‍ക്കാരിന്റെ വാക്കുകേട്ടവർ പെരുവഴിയിൽ

malambuzhacaravan
SHARE

സര്‍ക്കാരിന്റെ വാക്കുകേട്ട് കാരവന്‍ ടൂറിസത്തിന് കോടികള്‍ മുടക്കിയവര്‍ക്ക് കാരവനില്‍ പോയിട്ട് റോഡിലിറങ്ങി നടക്കാന്‍ പോലും കഴിയാത്ത  ഗതികേടിലേക്ക്.

മലമ്പുഴയില്‍ എല്ലാ അനുമതിയും കിട്ടി തുടങ്ങിയ കാരവന്‍ പാര്‍ക്കെന്ന പദ്ധതിക്ക് മുകളില്‍ വെള്ളമൊഴിച്ചത് ജലസേചന വകുപ്പ്. പണം മുടക്കിയ സംരംഭകന്‍ കടത്തില്‍ മുങ്ങുന്ന അവസ്ഥയിലാണ്. മന്ത്രി പറഞ്ഞാലും കേള്‍ക്കാത്ത ഉദ്യോഗസ്ഥനാണ് വിലങ്ങുതടി.   കാരവന്‍ ടൂറിസത്തില്‍ നിക്ഷേപിക്കൂ, വിദേശത്തുനിന്നടക്കം സഞ്ചാരികള്‍, തടസങ്ങളില്ലാതെ പദ്ധതി പൂര്‍‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം. ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം കേട്ട് സംരംഭകര്‍ കൈയടിച്ചു. നാടിനും കൂടി ഗുണമാകട്ടെയെന്ന് കരുതി പണം മുടക്കിയവര്‍ ഇപ്പോള്‍ കടക്കെണിയിലായി. കൃത്യമായ മാനദണ്ഡം പാലിച്ചാണ് മലമ്പുഴ കവയിലെ കാരവന്‍ ടൂറിസം പാര്‍ക്കിനായി പ്രകൃതി സൗഹൃദ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാരവന്‍ നിര്‍ത്തിയിടാനുള്ള സൗകര്യം. 

ഭക്ഷണശാല, അനുബന്ധ സൗകര്യങ്ങള്‍. സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തിയതി വരെ നിശ്ചയിച്ചു. ഈസമയത്താണ് മലമ്പുഴ ഡാമിനോട് ചേര്‍ന്നുള്ള നിര്‍മാണം സംരക്ഷിത മേഖലയിലെന്ന തടസം പറഞ്ഞ് ജലസേചന വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 1962 ലെ ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് പ്രകാരം 11 ഡാമുകള്‍ക്ക് സമീപം നിര്‍മാണം നടത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഡാം സേഫ്റ്റി ആക്ട് നിലവില്‍ വന്നതോടെ ഈ നിയമം അസാധുവായി. ജലവിഭവമന്ത്രി ആവശ്യപ്പെട്ടിട്ടും മലമ്പുഴയിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.ഒ.സി നല്‍കാന്‍ തയാറല്ല. കാരവന്‍ പാര്‍ക്ക് വരാതെ കാരവന്‍ ടൂറിസം വളരില്ല. കാരവനുകള്‍ നിര്‍ത്തിയിട്ട് സഞ്ചാരികള്‍ക്ക് തങ്ങുന്നതിനുള്ള അനുബന്ധ സൗകര്യങ്ങളെല്ലാം പാര്‍ക്കിലാണുള്ളത്. ഈ സൗകര്യങ്ങളാണ് വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം അനിശ്ചിതത്വത്തിലായിരിക്കുന്നത്.

MORE IN KERALA
SHOW MORE