‘ഇതെല്ലാം ചിന്തയുടെ സൈക്കോളജിക്കല്‍ മൂവ്; സംഭവന ചെയ്ത രസീതുമായി വരും’; കുറിപ്പ്

sabari-chintha-vt
SHARE

‘ചിന്തയുടെ നിരന്തര അഭ്യർഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്..’ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ശബരിനാഥന്റെ പരിഹാസം ഇങ്ങനെ. 

‘ഈ ഉത്തരവ് പ്രകാരം ഏതാണ്ട് 8.50 ലക്ഷത്തോളം രൂപ സർക്കാർ ഖജനാവിൽ നിന്ന് ഡോ.ചിന്താ ജെറോമിന് ലഭിക്കും.പക്ഷേ, യഥാർത്ഥത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ നഷ്ടമുണ്ടാകാൻ വഴിയില്ല. കാരണം, ഈ കിട്ടുന്ന മുഴുവൻ തുകയും ഡോ.ചിന്താ ജെറോം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ തിരിച്ച് സംഭാവന ചെയ്യുമെന്ന് നേരത്തെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ! അങ്ങനെ സംഭാവന ചെയ്ത് അതിന്റെ രശീത് ഡോ. ചിന്താ ജെറോം തന്നെ പ്രസിദ്ധപ്പെടുത്താനാണ് സാധ്യത.’ വി.ടി ബൽറാം കുറിച്ചതിങ്ങനെ. 

ഇത്തരത്തിൽ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന്റെ അഭ്യർഥനയെ തുടർന്നാണ് കുടിശിക അനുവദിച്ചതെന്ന വാർത്ത പുറത്തുവന്നതോടെ രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. 

2017 ജനുവരി ആറു മുതൽ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക.2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷൻ ചെയർപഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മാസം മുതൽ 2018 മെയ്‌ വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത ജറോം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും ഒടുവിൽ ധനകാര്യ വകുപ്പ് അംഗീകാരം നൽകി.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു.

ശബരീനാഥന്റെ കുറിപ്പ് ഇങ്ങനെ:

ക്യാപ്സുൽ 

ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്.ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ലാൽ സലാം സഖാവെ..

വി.ടി ബൽറാമിന്റെ കുറിപ്പ് വായിക്കാം:

‘കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായ കുമാരി ചിന്ത ജെറോമിന് കുടിശ്ശിക വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു’ എന്ന തലക്കെട്ടോടെ ഒരു സർക്കാർ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. അതിലെ പരാമർശം 4 ആയി നൽകിയിരിക്കുന്നത് 20.8.2022ന് ഡോ. ചിന്താ ജെറോം സർക്കാരിലേക്കയച്ച 698/എ1/2018/കേ.സം.യു.ക നമ്പർ കത്താണ്. 14.10.2016 മുതൽ 25.05.2018 വരെയുള്ള കാലത്ത് ശമ്പള കുടിശ്ശികയുണ്ടെന്നും അത് സർക്കാർ തനിക്ക് അനുവദിച്ചു നൽകണമെന്നുമാണ് ഈ കത്തിലൂടെ ഡോ. ചിന്താ ജെറോം സർക്കാരിനോട് നേരിട്ട് അഭ്യർത്ഥിച്ചിരിക്കുന്നത്. ശ്രദ്ധിക്കുക, യുവജന കമ്മീഷന് വേണ്ടി സെക്രട്ടറിയോ മറ്റാരെങ്കിലുമോ അല്ല സർക്കാരിലേക്ക് കത്തയച്ചിരിക്കുന്നത്, ചെയർപേഴ്സണായ ഡോ. ചിന്താ ജെറോം തന്നെയാണ് എന്ന് ഈ സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. താൻ കുടിശ്ശികയൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് നേരത്തേ ഡോ.ചിന്താ ജെറോം ആവർത്തിച്ചു പറഞ്ഞിരുന്നത് വാസ്തവ വിരുദ്ധമാണെങ്കിലും അവരങ്ങനെ മനപൂർവ്വം കള്ളം പറഞ്ഞതാവാൻ വഴിയില്ല, ഓർമ്മക്കുറവു കൊണ്ടാവും.

ഏതായാലും ഈ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ് ഇപ്പോൾ സർക്കാർ 6.01.2017 മുതൽ 25.05.2018 വരെയുള്ള ഏതാണ്ട് 17 മാസത്തെ കുടിശ്ശിക ഡോ. ചിന്താ ജെറോമിന് അനുവദിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. അഡ്വാൻസ് വാങ്ങിയത് കഴിഞ്ഞാൽ ഓരോ മാസവും 50000 രൂപയാണ് കുടിശ്ശികയായി നിൽക്കുന്നത് എന്നതിനാൽ ഈ ഉത്തരവ് പ്രകാരം ഏതാണ്ട് 8.50 ലക്ഷത്തോളം രൂപ സർക്കാർ ഖജനാവിൽ നിന്ന് ഡോ.ചിന്താ ജെറോമിന് ലഭിക്കും.

പക്ഷേ, യഥാർത്ഥത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ നഷ്ടമുണ്ടാകാൻ വഴിയില്ല. കാരണം, ഈ കിട്ടുന്ന മുഴുവൻ തുകയും ഡോ.ചിന്താ ജെറോം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ തിരിച്ച് സംഭാവന ചെയ്യുമെന്ന് നേരത്തെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ! അങ്ങനെ സംഭാവന ചെയ്ത് അതിന്റെ രശീത് ഡോ. ചിന്താ ജെറോം തന്നെ പ്രസിദ്ധപ്പെടുത്താനാണ് സാധ്യത.

MORE IN KERALA
SHOW MORE