ഏതു നിമിഷവും കടുവകൾ ചാടി വീഴാം; ലോക്ഡൗണിനു സമാനമായി പൊന്മുടിക്കോട്ട പ്രദേശം

tiger-new
SHARE

പൊന്മുടിക്കോട്ട പ്രദേശത്ത് വളർത്തുമൃഗങ്ങളെ പിടികൂടി ഭീതി പരത്തുന്ന കടുവയെ 2 മാസത്തെ തിരച്ചിലിനൊടുവിലും പിടികൂടാത്തതിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ നാളെ മുതൽ സമരത്തിലേക്ക്. കടുവയെ പിടികൂടുന്നതിൽ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണു സമരം. ഇന്നലെ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിൽ വനംവകുപ്പ് നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ  തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ല. ഈ പശ്ചാത്തത്തിലാണു പ്രത്യക്ഷ സമരത്തിനുള്ള തീരുമാനം. 

ഏതു നിമിഷവും കടുവകൾ ചാടി വീഴാമെന്നതിനാൽ ലോക്ഡൗണിനു സമാനമാണു മാസങ്ങളായി പൊന്മുടിക്കോട്ട പ്രദേശം. ഒട്ടേറെ വളർത്തു മൃഗങ്ങൾക്കു നേരെ കടുവയുടെ ആക്രമണമുണ്ടായി. സ്വകാര്യ വ്യക്തിയുടെ സിസിടിവി  ക്യാമറയിലും വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലും കടുവയുടെ ദൃശ്യങ്ങൾ പല തവണ പതിഞ്ഞിരുന്നു. 

മാനന്തവാടി പുതുശ്ശേരിയിലെ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു വനംവകുപ്പ് ധൃതിയിൽ സ്ഥലത്തു കൂട് സ്ഥാപിച്ചത്. മുൻപ് നടത്തിയ ചർച്ചകളിലേതു പോലെ കൂടു വയ്ക്കാം, തിരച്ചിൽ ശക്തമാക്കാം തുടങ്ങിയ പല്ലവികൾ അതേപടി ആവർത്തിക്കുക മാത്രമാണു വനംവകുപ്പ് ചെയ്യുന്നതെന്നു നാട്ടുകാർ പറയുന്നു. 

വനവുമായി ഒരു ബന്ധവും ഇല്ലാത്തതാണു പൊന്മുടിക്കോട്ട, എടയ്ക്കൽ പ്രദേശങ്ങൾ. നൂറുകണക്കിനു കുടുംബങ്ങൾ പ്രദേശത്തുണ്ട്.  ഒട്ടേറെ വിനോദ സഞ്ചാരികളും ഇതുവഴി കടന്നു പോകുന്നു. മാസങ്ങളായി ഭീതി പരത്തുന്ന കടുവയെ കൂടുതൽ കൂടുകൾ സ്ഥാപിച്ചു പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

MORE IN KERALA
SHOW MORE