
കോഴിക്കോട് കോര്‍പറേഷനിലെ സാമ്പത്തിക ക്രമക്കേടുകളില്‍ വിശദമായ പരിശോധന ആവശ്യപ്പെട്ട് പ്രതിപക്ഷം സി.എ.ജിക്ക് പരാതി നല്കി. കണക്കില്‍പ്പെടാത്ത 13 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. കുടുംബശ്രീയുടെ അക്കൗണ്ടാണന്നും ഇത് അക്കൗണ്ടില്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് കോര്‍പറേഷന്റ വിശദീകരണം.
കോര്‍പറേഷന്റ പണം പഞ്ചാബ് നാഷണല്‍ബാങ്ക് മാനേജര്‍ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെയാണ് പ്രതിപക്ഷം ഒാഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരവകാശ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ധനകാര്യപട്ടികയില് ഉള്‍പ്പെടുത്ത 13 ബാങ്ക് അക്കൗണ്ടുകള്‍ കൂടി കോര്പറേഷനുണ്ടെന്നും ഇത് ഒാഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും അറിയുന്നത്. ഇതെല്ലാം കുടുംബശ്രീയുടെ അക്കൗണ്ടാണന്നും കോഴിക്കോട് മാത്രമല്ല, ഒരു കോര്‍പറേഷനിലും ഇത്തരം അക്കൗണ്ടുകള്‍ ഒാഡിറ്റിങ്ങിന് വിധേയമാക്കില്ലെന്നുമായിരുന്നു കോര്‍പറേഷന്റ വിശദീകരണം. ഇതോടെയാണ് പ്രതിപക്ഷം സിഎജിയെ സമീപിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളില്‍ ഓഡിറ്റ് വിഭാഗം നല്കിയ നിര്‍ദേശങ്ങള്‍ കോര്പറേഷന് പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം തൊട്ടടുത്ത കൗണ്‍സിലില്‍ ഉന്നയിച്ചെങ്കിലും മറുപടി പറയാന്‍ മേയര്‍ തയാറായില്ല. അടുത്ത കൗണ്‍സിലില്‍ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.