ബിബിസി ഡോക്യുമെന്ററിയിൽ വിവാദം കത്തുന്നു; നീരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

bbc documentary
SHARE

 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കെ ഇന്ത്യയില്‍ വിവാദം കത്തുന്നു. ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദേര്‍ശിപ്പിച്ചതിനെതിരെ എബിവിപി പരാതി നല്‍കി. പ്രതിപക്ഷ യുവജന സംഘടനങ്ങളും ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. വിവാദത്തില്‍ പ്രതിപക്ഷത്തെക്കുറ്റപ്പെടുത്തി കേന്ദ്രമന്ത്രിമാരും രംഗത്തുവന്നു. 

ബിബിസി ഡോക്യുമെന്‍ററി ഒൗദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. എന്നാല്‍ ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും െഎടി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗവും ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കി.  സുപ്രീംകോടതി അടക്കം ഭരണഘടനാസ്ഥാപനങ്ങളും വിശ്വാസ്യത ചോദ്യം ചെയ്യുന്നു, സമൂഹത്തില്‍ ഭിന്നതയ്ക്ക് ഇടയാക്കുന്നു, രാജ്യത്തിന്‍റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു എന്നിവയാണ് ഡോക്യുമെന്‍ററിക്കെതിരെ കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തലുകള്‍. മുസ്‍ലിം വിഭാഗങ്ങളും മോദിയുടെ രാഷ്ട്രീയവും തമ്മിലെ അന്തസംഘര്‍ഷങ്ങളാണ് രണ്ടാംഭാഗത്തിലെ പ്രമേയമെന്നാണ് സൂചന. 

ഡോക്യുമെന്‍ററിയെക്കുറിച്ച് അറിയില്ലെന്ന് യുഎസ് പ്രതികരിച്ചു. സുപ്രീംകോടതി പറയുന്നതല്ല, വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് അന്തിമമെന്ന് പ്രതിപക്ഷത്തെക്കുറ്റപ്പെടുത്തി കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു ട്വീറ്റുചെയതു. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് നിയമസഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചെങ്കിലും ഇന്ന് രാത്രി ഒന്‍പതിന് വിദ്യാര്‍ഥി യൂണിയന്‍ ഒാഫീസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചു.  

bbc documentary controvercy

MORE IN KERALA
SHOW MORE