സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ വേണ്ടെന്ന് ഹൈക്കോടതി

ladieshostel-01
SHARE

സുരക്ഷയുടെ പേരിൽ  ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള സമയ നിയന്ത്രണത്തിനെതിരെ   ഹൈക്കോടതി. ഇത്തരം നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ലേഡീസ് ഹോസ്റ്റലുകളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുത് എന്നുപറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ പൂട്ടിയിടുന്നതല്ല പരിഹാരം. ആണാധികാര വ്യവസ്ഥയിലെ ചിന്തയുടെ ഭാഗമാണിത്. 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ അക്രമിക്കപ്പെടൂ എന്നു തോന്നുന്നുണ്ടോയെന്നും, അക്രമികളെയാണ് പൂട്ടിയിടേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്തെന്നും കോടതി വിമർശിച്ചു. രാത്രി 9.30 ന്‌ ശേഷം ഹോസ്റ്റലിൽ നിന്ന്  പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

സുരക്ഷയുടെ പേരിൽ അനാവശ്യ  നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും ലിംഗവിവേചനം പാടില്ലെന്നും UGC വിജ്ഞാപനങ്ങൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ  സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. 

MORE IN KERALA
SHOW MORE