കാട്ടുപന്നികൾ വീട്ടുമുറ്റത്തുനിന്നു മാറുന്നില്ല; കൊണ്ടുവിട്ടത് വനംവകുപ്പ്; ഇഷ്ടം ‘വീട്ടിലെ ഊണ്’

എയ്ഞ്ചൽവാലി മൂലക്കയം ഭാഗത്ത് കാട്ടുപന്നിക്കൂട്ടം രാത്രിയും പകലും വീടിന്റെ പരിസരങ്ങളിൽ തങ്ങുന്നു, പമ്പയിൽ മനുഷ്യരുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന പന്നികളെ ജനവാസ മേഖലയോട് ചേർന്നുള്ള വനത്തിൽ വനംവകുപ്പ് കൊണ്ടുവിട്ടതാണെന്നു നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, പമ്പയിൽ നിന്നു പിടികൂടിയ പന്നികളെ ജനവാസം ഇല്ലാത്ത 200 കിലോമീറ്റർ അകലെയാണ് വിട്ടതെന്നും ആ പന്നികൾ ഈ മേഖലയിൽ എത്തില്ലെന്നുമാണു വനംവകുപ്പ് അധികൃതർ പറയുന്നത്.

ശബരിമല മണ്ഡല മകര വിളക്ക് തീർഥാടത്തിനു മുന്നോടിയായിട്ടാണ് പമ്പയിൽ തീർഥാടകരുമായി ഇണങ്ങി കഴിഞ്ഞിരുന്ന പന്നികളെ ഇവിടെ നിന്ന് പിടികൂടി വനത്തിൽ വിട്ടത്. ഈ പന്നികൾ മനുഷ്യരെ ആക്രമിക്കാറില്ല. തീർഥാടകരുടെ ഇടയിലൂടെ ചുറ്റിത്തിരിയുകയും ഓടുകയും ചെയ്യാറുണ്ട്. വലിയ തീർഥാടക പ്രവാഹം വരുമ്പോൾ പന്നികളുടെ സാന്നിധ്യം ബുദ്ധിമുട്ടാകും എന്നു കണ്ടാണു 50ൽ പരം കാട്ടുപന്നികളെ പിടികൂടി വാഹനത്തിൽ കയറ്റി വനത്തിൽ തന്നെ ദൂരെ സ്ഥലങ്ങളിൽ കൊണ്ടുപോയി തുറന്നുവിട്ടത്.

ഇത്തരത്തിൽ വനത്തിൽ വിട്ട പന്നിക്കൂട്ടം മൂലക്കയം ഭാഗത്ത് എത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മൂന്നു പന്നികൾ വീട്ടുമുറ്റത്തുനിന്നു പോകുന്നില്ലെന്ന് നാട്ടുകാരിയായ ലിസി ജോസ് പറയുന്നു. ദിവസങ്ങളായി പന്നിക്കൂട്ടം വീടിന്റെ മുറ്റത്തും പരിസരത്തു കൂടിയും നടക്കുകയാണ്. ഓടിച്ചാലും വീണ്ടും വീടിന്റെ മുറ്റത്തേക്ക് തിരികെ വരും. വീട്ടിൽ നിന്നു കൊടുക്കുന്ന ഭക്ഷണവും ഇവ കഴിക്കുന്നുണ്ട്. 

"കാട്ടുപന്നികളെ ജനവാസ മേഖലയ്ക്ക് സമീപം കൊണ്ടുവിട്ടതു വനംവകുപ്പാണ്. മനുഷ്യരുമായി ഇണങ്ങിയ കാട്ടുപന്നികളെ പിടികൂടി ജനവാസം ഇല്ലാത്ത മേഖലകളിൽ കൊണ്ടുവിടാൻ വനംവകുപ്പ് തയാറാകണം"- മാത്യു ജോസഫ്,പഞ്ചായത്ത് അംഗം.