ഫോട്ടോ എടുക്കുന്നതിനിടെ കുതിച്ചെത്തിയ മരണം; നടുക്കം മാറാതെ ബന്ധുക്കൾ

malapuram-karuvarakund
SHARE

നാട്ടിൽ മഴയുടെ സൂചന പോലുമില്ലാതെ മഞ്ഞളാംചോലയിലുണ്ടായ മലവെള്ളപ്പാച്ചിലി‍ൽ യുവതി മരിച്ച സംഭവത്തിൽ നടുക്കം മാറാതെ ബന്ധുക്കൾ. പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ ചോലയുടെ സൗന്ദര്യം ആസ്വദിക്കാൻ ബന്ധുക്കളോടൊപ്പം ചോലയിൽ ഇറങ്ങിയ ആലപ്പുഴ സ്വദേശി ഹാർഷയ്ക്കാണ് പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലി‍ൽ ജീവൻ നഷ്ടപ്പെട്ടത്.ചേരി നികർത്തിൽ അരവിന്ദാക്ഷന്റെ വീട്ടിലേക്കു വിരുന്നു വന്നതായിരുന്നു ഹാർഷ. അരവിന്ദാക്ഷന്റെ മകൻ രഞ്ജിത്ത്, മരുമകൻ സുജിത്ത്, ഭാര്യ രമ്യ, മക്കളായ ദിൽഷ (13), ശ്രേയ (എട്ട്) എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെട്ടു.

പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പൊടുന്നനെ മലവെള്ളം കുതിച്ചെത്തുകയായിരുന്നുവെന്ന് സുജിത്ത് പറഞ്ഞു. നിമിഷനേരം കൊണ്ട് ഹാർഷയെ ഒഴുക്കിൽപെട്ട് കാണാതായി. സുജിത്ത് താഴെ കമ്പിൽ പിടിച്ചു രക്ഷപ്പെട്ടു. ഹാർഷയുടെ അമ്മയും അച്ഛനും നോക്കിനിൽക്കെയാണ് അപകടം.

നാട്ടിൽ മഴയില്ലെങ്കിലും മലവാരത്തുണ്ടാകുന്ന മഴയിൽ ചോല നിറഞ്ഞ് അപകടം വരുത്തുന്നത് പതിവാണ്. തെളിഞ്ഞ കാലാവസ്ഥയിൽ ചോലയിൽ കുളിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എത്തുന്നവരാണ് അപകടത്തിൽപെടുന്നത്. ഇന്നലെ വൈകിട്ട് മഞ്ഞളാംചോലയിൽ മാത്രമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മണലിയാംപാടത്തുനിന്ന് ഉദ്ഭവിക്കുന്ന ചോലയിൽ മലവെള്ളമെത്തിയില്ല. 2 ചോലകളും കൽക്കുണ്ടിൽ ഒന്നിച്ചാണ് ഒലിപ്പുഴയായി മാറുന്നത്.

MORE IN KERALA
SHOW MORE