പൊലീസുകാരൻ സസ്പെൻഷനിൽ, നായയ്‌ക്കൊപ്പം ലഹരിവിരുദ്ധ പ്രചാരണം; ദുരുദ്ദേശ്യമെന്ന് ആക്ഷേപം

reghu-bella
SHARE

ലഹരിക്കെതിരെ നായയുമായി പൊലീസുകാരന്റെ ‘ഡ്രഗ് ഫ്രീ ഇന്ത്യ’ ദേശീയ പ്രചാരണ യാത്ര സസ്പെൻഷനിലിരിക്കെ എന്ന് ആക്ഷേപം. സ്റ്റേഷനിൽ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചായ വൈൻഡിങ് മെഷീൻ സ്ഥാപിച്ച സംഭവത്തിലാണ് കളമശേരി സിപിഒ രഘു ആദ്യം സസ്പെൻഷനിലാകുന്നത്. പിന്നാലെ വൃദ്ധയെ ആക്രമിച്ചു തള്ളിയിട്ടെന്ന പരാതിയിൽ ഇയാൾക്കെതിരെ കൂത്താട്ടുകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ചായ വൈൻഡിങ് മെഷീൻ സ്ഥാപിച്ച സംഭവത്തിൽ അസിസ്റ്റന്റ് കമ്മിഷണർ തലത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടി എടുത്തിട്ടില്ല. മെഷീൻ സ്ഥാപിക്കുന്നതിനായി പണപ്പിരിവു നടത്തിയത് ഉൾപ്പെടെയുള്ളവ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഡൽഹി ആസ്ഥാനമായ എൻജിഒയുടെ നേതൃത്വത്തിലാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള ബെല്ല എന്ന നായയുമായി സംഘത്തിന്റെ യാത്ര. എറണാകുളം ക്രൈംബ്രാഞ്ചിലെ മറ്റൊരു സീനിയർ പൊലീസ് ഓഫിസറും സംഘത്തിലുണ്ട്. കാറിൽ സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ദൗത്യമെന്നാണ് അവകാശവാദം.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ സഹകരണത്തോടെയാണ് യാത്രയെന്നും പ്രചാരണമുണ്ടെങ്കിലും ബിജെപി നേതാക്കൾ ഇതു നിഷേധിച്ചിട്ടുണ്ട്. 26 സംസ്ഥാനങ്ങളിലുടെ സഞ്ചരിച്ച് നവംബർ പകുതിയോടെ തിരികെയെത്തുന്നതിനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ദൃശ്യം ടവറിൽനിന്നു പകർത്തിയ സംഭവത്തിൽ ഉൾപ്പെടെ പരാതി ഉയർന്ന ഉദ്യോഗസ്ഥനാണ് രഘു. സസ്പെൻഷനിലിരിക്കെ ചാരിറ്റിക്ക് എന്ന പേരിൽ പിരിച്ച പണം ദുരുപയോഗം ചെയ്തതു ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്തതിനു വിദേശ മലയാളിയുടെ വീട്ടിൽ കയറി അമ്മയെ ആക്രമിച്ചതിനാണ് കൂത്താട്ടുകുളത്ത് ഇയാൾക്കെതിരെയുള്ള കേസ്.

ഇദ്ദേഹത്തിനൊപ്പം ജോലിയിൽ പ്രവേശിച്ച പൊലീസുകാരന്റെ ഭാര്യയ്ക്കും കുട്ടികൾക്കും പൊള്ളലേറ്റ സംഭവത്തിനു പിന്നാലെ ഇവർക്കായി പിരിച്ച പണം തട്ടിയെടുത്തതായും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഈ വീട്ടമ്മ പിന്നീടു മരിക്കുകയും കുട്ടികളെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെ സഹായിക്കാൻ കൂടെ ചെന്ന ശേഷം സ്വന്തം അക്കൗണ്ട് നമ്പർ ഉപയോഗിച്ചു സമൂഹമാധ്യമത്തിലൂടെ പണപ്പിരിവു നടത്തിയായിരുന്നു തട്ടിപ്പു നടത്തിയത്. 

സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന യാത്രയ്ക്കു പിന്നിൽ ദുരുദ്ദേശ്യമുണ്ടാകുമെന്നു സേനയിൽനിന്നു തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഇതേ നായയുമായി രഘു തമിഴ്നാട്ടിലൂടെ നടത്തിയ യാത്രയ്ക്കിടെ പൊലീസ് എന്ന ബെൽറ്റ് ധരിപ്പിച്ചത് വിവാദമായിരുന്നു. തമിഴ്നാട് പൊലീസിന്റെ ശ്രദ്ധയിൽപെട്ട് കേരളത്തിൽ അറിയിച്ച് അന്വേഷണം ആരംഭിച്ചതോടെ പകുതിക്കു വച്ചു യാത്ര അവസാനിപ്പിച്ചു മടങ്ങുകയായിരുന്നത്രെ. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എറണാകുളം ജില്ലയിൽ, പ്രത്യേകിച്ച് കൊച്ചിയിൽ ലഹരി ഉപയോഗം വർധിക്കുകയും കൊലപാതകങ്ങളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊലീസിനെതിരെ ശക്തമായ വിമർശനമാണു‌ള്ളത്. ഈ സാഹചര്യത്തിൽ പ്രചാരണത്തിനു മറ്റൊരു സംസ്ഥാനത്തേക്കു പോകുന്നതിന്റെ സാംഗത്യമെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്.

MORE IN KERALA
SHOW MORE