എജിയുടെ നിയമോപദേശം പരിധിയില്‍ വരില്ല; ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്

high-court
SHARE

അഡ്വക്കറ്റ് ജനറൽ സർക്കാരിന് നൽകുന്ന നിയമോപദേശങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. അഡ്വക്കറ്റ് ജനറലും സർക്കാരും തമ്മിൽ അഭിഭാഷക - കക്ഷി ബന്ധമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ലാവലിൻ കേസിൽ നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 

അഭിഭാഷകനും-കക്ഷിയും തമ്മിലുള്ളത് വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അഭിഭാഷക-കക്ഷി ബന്ധമാണ് അഡ്വ.ജനറലും സർക്കാരും തമ്മിലുള്ളത്. നിർണായക വിഷയങ്ങളിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാറുണ്ട്. അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകുന്ന നിയമോപദേശങ്ങൾ രഹസ്യ സ്വഭാവമുള്ളതായിരിക്കും. അതിന് നിയമത്തിന്റെ സംരക്ഷണവുമുണ്ട്. അതുകൊണ്ടുതന്നെ ഇവയെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തായിരിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.

ലാവ്‌ലിൻ കേസിൽ അഡ്വ. ജനറൽ സർക്കാരിന് നൽകിയ നിയമോപദേശത്തിന്റെ പകർപ്പാവശ്യപ്പെട്ട് 2009 ൽ നൽകിയ അപേക്ഷയാണ് ഉത്തരവിനാധാരം. നിയമോപദേശത്തിന്റെ പകർപ്പ് നൽകാനാവില്ലെന്നായിരുന്നു അഡ്വ. ജനറൽ ഓഫീസിന്റെ മറുപടി. തുടർന്ന് അപ്പീൽ നൽകുകയും, നിയമോപദേശത്തിന്റെ പകർപ്പ് അപേക്ഷകന് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. സമ്പത്ത് കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ടും സമാന സാഹചര്യമുണ്ടായി. ഇതിനെതിരെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വിവരാവകാശ കമ്മീഷൻ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി.

MORE IN KERALA
SHOW MORE