തിളച്ച പാല്‍ വീണ് പൊള്ളി ഒന്നരവയസുകാരി മരിച്ചു; ചികിൽസാപ്പിഴവ് ആരോപിച്ച് മാതാപിതാക്കൾ

kiddeathkply
SHARE

കാഞ്ഞിരപ്പള്ളിയില്‍ തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നരവയസുകാരി മരിച്ചതില്‍ സ്വകാര്യാശുപത്രിക്ക് നേരെ ഗുരുതരാരോപണങ്ങളുമായി മാതാപിതാക്കള്‍. കുട്ടിയുടെ ആരോഗ്യനില മോശമായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആശുപത്രി മാനേജ്മെന്റ് അനുവദിച്ചില്ല. ആംബുലന്‍സ് സൗകര്യവും ഓക്സിജനും സമയത്ത് ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറ‍ഞ്ഞു.

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പ്രിന്‍സ് തോമസിന്റെ മകള്‍ സെറാ മരിയയുടെ മരണത്തിലാണ് ചികിത്സാപിഴവെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്.പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഈ മാസം 13 നാണ് കുട്ടിയെ എരുമേലിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്.ചികിത്സ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അണുബാധ ആരംഭിച്ചെങ്കിലും മറ്റെവിടേക്കും മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ  മറുപടി. ബുധനാഴ്ച അര്‍ധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഓക്സിജന്‍ നല്‍കുകയും ചെയ്തു.

മെഡിക്കല്‍ കോളജിലേക്ക്  മാറ്റുന്നതിനായി മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ ആംബുലന്‍സ് വിളിച്ച് വരുത്തിയെങ്കിലും ഫലമുണ്ടായില്ല.അത്യാഹിത ഘട്ടമായിട്ടും ഓക്സിജന്‍ വേര്‍പെടുത്തിയ ശേഷമാണ് കുട്ടിയെ ആംബുലന്‍സിലേക്ക് കയറ്റിയതെന്നും ആരോപണമുണ്ട്.അസ്വാഭാവിക മരണത്തിന് കാഞ്ഞിരപ്പള്ളി പൊലീസ് സ്വമേധയാ കേസെടുത്തു.ഇതിന് പുറമേ ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബാംഗങ്ങളും പരാതി നല്‍കും.എന്നാല്‍ ഗുരുതര പൊള്ളലുമായാണ് കുഞ്ഞിനെ എത്തിച്ചതെന്നും ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Parents have made serious allegations against the private hospital for the death of a one-and-a-half-year-old girl after she was burnt by falling boiling milk.

MORE IN KERALA
SHOW MORE