പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ട് രണ്ട് ദിനം; കാര്യമായ നടപടികളിലേക്ക് കടക്കാതെ കേരളം

pfi-kerala
SHARE

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിന്റെ രണ്ടാം ദിനവും കാര്യമായ നടപടികളിലേക്ക് കടക്കാതെ കേരളം. തുടര്‍നടപടിക്ക് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും താഴേ തട്ടിലേക്ക് നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഓഫീസുകള്‍ പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയില്ല. നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും അനാവശ്യ തിടുക്കം വേണ്ടന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട ആദ്യ നടപടി തുടര്‍നടപടിക്ക് ഉത്തരവിറക്കുകയാണ്. യു.എ.പി.എ നിയമപ്രകാരം നിരോധനം നടപ്പാക്കാനുള്ള ചുമതല കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കി ഇന്ന് രാവിലെ തന്നെ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി.  അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ചെയ്യേണ്ടത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ പൂട്ടുകയാണ്.  കോഴിക്കോട്ടെ ആസ്ഥാനമന്ദിരം ഉള്‍പ്പെടെ 17 ഓഫീസുകളുടെ പട്ടികയും കേന്ദ്രം കൈമാറിയിരുന്നു. ഇവിടങ്ങളിലെല്ലാം രാവിലെ തന്നെ പൊലീസ് നിരീക്ഷണം തുടങ്ങിയെങ്കിലും പൂട്ടാനുള്ള നിര്‍ദേശം കല്കടറുടെയോ എസ്.പിമാരുടെയും ഭാഗത്ത് നിന്ന് ലഭിക്കാത്തതിനാല്‍ ഇതുവരെയും നടപടിയായിട്ടില്ല. നേതാക്കളുടെയും സജീവപ്രവര്‍ത്തകരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയെന്ന രണ്ടാം നടപടിയും ൈവകുകയാണ്. 

നിരോധനം നടപ്പാക്കേണ്ട കലക്ടര്‍മാരുടെയും എസ്.പിമാരുടെയും യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചു. നിയമപ്രകാരം മാത്രമായിരിക്കണം നടപടിയെന്നും അനാവശ്യ തിടുക്കമോ വീഴ്ചയോ പാടില്ലെന്ന നിര്‍ദേശമാണ് അദേഹം നല്‍കിയത്. അതിന് ശേഷം എസ്.പി മുതല്‍ എ.ഡി.ജി.പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഡി.ജി.പിയും വിളിച്ചു. നിരോധനം നടപ്പാക്കേണ്ടതിന്റെ രൂപരേഖ വ്യക്തമാക്കി ഉടന്‍ ഉത്തരവിറക്കുമെന്നും അതിന് ശേഷം നടപടിയിലേക്ക് കടക്കാമെന്നും അനില്‍കാന്ത് യോഗത്തില്‍ നിര്‍ദേശിച്ചു. അതേസമയം നിരോധന ശേഷവും പോപ്പുലര്‍ ഫ്രണ്ട് അനുകൂല പ്രകടനം നടത്തിയതിന് തിരുവന്തപുരം കല്ലമ്പലത്തും മലപ്പുറത്ത് അരീക്കോട് എടവണ്ണ എന്നിവിടങ്ങളിലായി നാല് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടത്ത് ഏഴ് പേര്‍ക്കെതിരെ കേസുമെടുത്തു. ഹര്‍ത്താലില്‍ അക്രമം കാട്ടിയവരുടെ അറസ്റ്റും തുടരുകയാണ്.

MORE IN KERALA
SHOW MORE