വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിനേഷൻ വീടുകളിലെത്തിക്കും; അന്തിമ തീരുമാനം ഉടൻ

dogvaccinewb
SHARE

തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വീടുകള്‍ കയറിയിറങ്ങി വാക്സിനേഷന്‍ നല്‍കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആലോചിക്കുന്നു. അടുത്ത ദിവസം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. തെരുവുനായകള്‍ക്കായി വാക്സിനേഷന്‍ യജ്ഞം നടത്താനും പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തു. െതരുവുനായ്ക്കള്‍ക്കുള്ള ഷെല്‍റ്ററുടെ എണ്ണവും കൂട്ടും. 

വാക്സിന്‍ കേന്ദ്രങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുമായി ധാരാളം പേര്‍ എത്തുന്നുണ്ടെങ്കിലും ഇപ്പോഴും വാക്സിനേഷന് ആളുകള്‍ മടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീടുകള്‍ കയറിയിറങ്ങി വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ സാധ്യത ആരായുന്നത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടുത്ത ദിവസം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. തെരുവനായ്ക്കള്‍ക്കായി ഈ മാസം 28 ന് ഒരുമാസം നീളുന്ന വാക്സിനേഷന്‍ യജ്ഞത്തിനും തുടക്കം കുറിക്കും. ഇതില്‍ ദിവസവും 50 നായ്ക്കളുടെ വാക്സിനേഷന്‍ ആണ് ലക്ഷ്യമിടുന്നത്. ഒരുമാസത്തിനുളളില്‍ 1500 തെരുവുനായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കാനാകും. പുതുതായി 2 വാക്സിനേറ്റർമാർ, 2 നായപിടിത്തക്കാർ, ഒരു വാഹനം എന്നിവ കൂടി ലഭിക്കുന്നതിലൂടെ ഇപ്പോൾ നടക്കുന്ന വന്ധ്യംകരണ പ്രക്രിയയുടെ എണ്ണം കൂട്ടാം. തെരുവ്നായകൾക്കു ഇപ്പോഴുണ്ടായിട്ടുള്ള ക്രൗര്യത്തെ കുറിച്ച് പഠിക്കാൻ വെറ്റിനറി സർവകലാശാലയിലെ പിജി വിദ്യാർഥികളെ നിയോഗിക്കാൻ സർവകലാശാലയ്ക്കു അപേക്ഷ നൽകും. 

തെരുവ്നായ്ക്കൾക്കു ഷെൽറ്റർ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി കൗൺസിലർമാരോട് അറിയിക്കാനും യോഗം നിർദേശിച്ചു.  കോർപറേഷനിൽ ബേപ്പൂർ നടുവട്ടം, ഗോവിന്ദപുരം, ബീച്ച്, എരവത്ത്കുന്ന് എന്നിങ്ങനെ 4 ഹോട്ട് സ്പോട്ടുകള്‍ ആണ് ഉള്ളത്.  ഇതിന് പുറമേ തെരുവ്നായ ശല്യം കൂടുതലുള്ളതായി കൗൺസിലർമാർ ചൂണ്ടികാണിക്കുന്ന പ്രദേശങ്ങൾക്കും മുൻഗണന നൽകി വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. 

MORE IN KERALA
SHOW MORE