
എതിരെ വന്ന വാഹനം കടന്നുപോകാൻ ഒതുക്കിയപ്പോൾ റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ചു കാർ തലകീഴായി മറിഞ്ഞു. അര മണിക്കൂറോളം കാറിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ ചില്ലു പൊട്ടിച്ച് രക്ഷപ്പെട്ടു. പാഴുത്തുരുത്ത് പാറേക്കടവിൽ ജേക്കബ് ( 68) ആണ് കാര്യമായ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 11.45 ന് പാലകര – ഞീഴൂർ റോഡിൽ കുടിലിപ്പറമ്പിന് സമീപമാണ് അപകടം.
കടുത്തുരുത്തിയിൽ നിന്നും പാഴുത്തുരുത്തിലെ വീട്ടിലേക്കു പോവുകയായിരുന്ന ജേക്കബ് , കുടിലിപ്പറമ്പ് ഭാഗത്ത് എത്തിയപ്പോൾ എതിർ ദിശയിൽ വന്ന വാഹനം കടന്നുപോകാൻ കാർ റോഡരികിലേക്കു ചേർത്തപ്പോൾ കോൺക്രീറ്റ് തൂണിൽ ഇടിക്കുകയും ടയർ പൊട്ടി നിയന്ത്രണം വിട്ട് കാർ റോഡിനു നടുവിൽ തലകീഴായി മറിയുകയുമായിരുന്നു.
നാട്ടുകാർ റോഡിനു നടുവിൽ നിന്നും കാർ മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുട്ടുചിറയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് കാർ റോഡിൽ നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ ടി. ഷാജി കുമാർ, സീനിയർ ഫയർ ഓഫിസർ വി.കെ. ജയകുമാർ, ഓഫിസർമാരായ വി.കെ. ജയകുമാർ, ആർ. രാഗേഷ്, വിനോദ്, രഞ്ജു മോൻ, അരുൺ എന്നിവർ നേതൃത്വം നൽകി. മുൻപും ഈ ഭാഗത്ത് കോൺക്രീറ്റ് തൂണിൽ വാഹനം ഇടിച്ചു അപകടം ഉണ്ടായതായി സമീപവാസികൾ പറഞ്ഞു.