എസ്ഐ ചമഞ്ഞ് വിവാഹം; താമസം വാടക ക്വാർട്ടേഴ്സിൽ, ഒടുവിൽ പൊലീസ് എത്തി പൊക്കി

fraud-si
SHARE

പൊലീസ് ചമഞ്ഞു വിവിധയിടങ്ങളിൽ തട്ടിപ്പു നടത്തിയയാളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര സ്വദേശി പറങ്ങോടത്ത് സെയ്ദലവി (44) ആണ് അറസ്റ്റിലായത്. വാടക ക്വാട്ടഴ്സുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്. ആതവനാട് പ്രദേശത്തുള്ള യുവതിയെ 3 മാസം മുൻപ് ക്രൈംബ്രാഞ്ച് എസ്ഐ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വിവാഹം കഴിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇവരുമൊത്ത് ഒരു മാസത്തിലേറെയായി ചെമ്പിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് മറ്റൊരു കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി കുറ്റിപ്പുറം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഇയാൾ എസ്ഐയുടെ യൂണിഫോമിലായിരുന്നു. പൊലീസുകാരോട് ഇയാൾ ചെന്നൈ പൊലീസിലാണെന്നാണ് ആദ്യം പറഞ്ഞത്. സിഐ ശശീന്ദ്രൻ എത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു പുറത്തായത്.

കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017ൽ നടന്ന പീഡനക്കേസിൽ ഇയാൾക്കെതിരെ വാറന്റ് നിലവിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കൊണ്ടോട്ടി പൊലീസ് എത്തി കസ്റ്റഡയിലെടുത്തു. നിലമ്പൂർ സ്റ്റേഷനിലും  കേസുണ്ടെന്ന് പറയുന്നു. ഇടുക്കി, കോട്ടയം ഭാഗങ്ങളിൽനിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായവർ കുറ്റിപ്പുറം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു സിഐ അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

MORE IN KERALA
SHOW MORE