ആദ്യം ഇരയായി, പിന്നെ തട്ടിപ്പിന് കൂട്ട്: ഇരകൾ 70ൽ കൂടുതൽ; അഭിമുഖ കത്ത് ‘വന്നുകൊണ്ടിരിക്കുന്നു'

alappuzha-arrested.jpg.image
SHARE

ദേവസ്വം ബോർഡിലും ബവ്റിജസ് കോർപറേഷനിലും മറ്റും ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച കേസിൽ മൂന്നുപേർ‌ കൂടി അറസ്റ്റിലായി. 10 കോടിയിലേറെ രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് സംശയം. ഇതുവരെ റജിസ്റ്റർ ചെയ്ത 44 പരാതികളിൽ മാത്രം 3 കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കേസിൽ 10 പേരാണ് ഇതുവരെ അറസ്റ്റിലായത്. കൊല്ലം ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്സ് ബി–10 ഫെബിൻ ചാൾസ് (23), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ് (24), കടവൂർ പത്മാലയം പി.രാജേഷ് (34) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ഇതിൽ അനീഷും രാജേഷും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ്. ഇവർക്കെതിരെ പുതിയ പരാതി ലഭിച്ചതിനാലാണ് വീണ്ടും അറസ്റ്റ് ചെയ്തതെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ.ജോസ് പറഞ്ഞു. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാൽ അന്വേഷണത്തിന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നേരിട്ടാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.ദേവസ്വം ബോർഡ്, ബവ്റിജസ് കോർപറേഷൻ, കായംകുളം സ്പിന്നിങ് മിൽ എന്നിവയിൽ ജോലി നൽകാമെന്നു പറഞ്ഞ് പണം തട്ടിയതാണ് ഇതുവരെ പുറത്തു വന്നത്.

എന്നാൽ, മറ്റു വകുപ്പുകളുടെ പേരിലും തട്ടിപ്പു നടന്നിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം 3 ഗ്രേഡ് എസ്ഐമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമേ മൃഗസംരക്ഷണ വകുപ്പ് ആശുപത്രികൾ വഴി വിതരണം ചെയ്യുന്ന മരുന്നുകൾ മുഖ്യപ്രതിയുടെ താമസസ്ഥലത്തുനിന്നു കണ്ടെത്തിയതും പ്രതികളും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ സൂചനയാണ്.

ഒരു പ്രതി വിദേശത്തേക്ക് കടന്നെന്നു സൂചന

തട്ടിപ്പി‍ൽ വിനീഷിനെ സഹായിച്ച ചെട്ടികുളങ്ങര സ്വദേശി ദീപു ത്യാഗരാജൻ വിദേശത്തേക്ക് കടന്നതായി പൊലീസ് നിഗമനം. വിനീഷ് പിടിയിലായതോടെ ദീപുവിനെക്കുറിച്ചു സൂചന ലഭിച്ച പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദീപുവിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇരകൾ 70ൽ കൂടുതൽ

എഴുപതുപേരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. പ്രതികളുടെ സബ് ഏജന്റുമാർ വഴി പണം നൽകിയവർ വേറെയുണ്ടാകാം.പലരും പരാതിപ്പെടാൻ തയാറല്ല. അനധികൃത നിയമനത്തിനു ശ്രമിച്ചതിന് അന്വേഷണം നേരിടേണ്ടി വരുമെന്ന ഭയമോ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയോ ആണ് കാരണമെന്നു പൊലീസ്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലുള്ളവരാണ് ഇരയായവരിൽ ഏറെയും.

അഭിമുഖ കത്ത് ‘വന്നുകൊണ്ടിരിക്കുന്നു’

തട്ടിപ്പ് പുറത്തു വന്നതിനു ശേഷവും ‘അഭിമുഖ’ത്തിന് എത്താനുള്ള അറിയിപ്പുകൾ വന്നുകൊണ്ടിരിക്കുന്നു. കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ജോലിക്കായി ഇന്ന്  അഭിമുഖത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കത്ത് ഒരു ഉദ്യോഗാർഥിക്കു ലഭിച്ചു. മറ്റു ചിലർക്ക് 15, 16, 22 എന്നീ തീയതികളിൽ വിവിധ സ്ഥലങ്ങളിൽ എത്താൻ കാർഡ് ലഭിച്ചിട്ടുണ്ട്.

ആദ്യം തട്ടിപ്പിനിരയായി; പിന്നെ തട്ടിപ്പിന് കൂട്ടുനിന്നു

ദേവസ്വം ബോർഡിലും ബവ്റിജസ് കോർപറേഷനിലും മറ്റും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ കൊല്ലം സ്വദേശി ഫെബിൻ ചാൾസ് (23) തട്ടിപ്പു സംഘത്തെ പരിചയപ്പെട്ടത് ഭാര്യയ്ക്ക് ദേവസ്വം ബോർഡിൽ ജോലി തേടി.  ഇപ്പോൾ കൊല്ലത്തെ ബസ് ഉടമയായ ഫെബിൻ ചാൾസ് ഖത്തറിൽ ജോലി ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന ദീപു ത്യാഗരാജൻ എന്നയാൾ വഴി ഭാര്യയ്ക്ക് ദേവസ്വം ബോർഡിൽ ജോലി ലഭിക്കാൻ 6.5 ലക്ഷം രൂപ വിനീഷിനു കൈമാറി. നിയമന ശുപാർശ ലഭിച്ചപ്പോൾ വ്യാജമാണെന്നു മനസ്സിലായതോടെ പണം തിരികെ വാങ്ങി.

പിന്നീടു നാട്ടിലെത്തിയ ഫെബിൻ വിനീഷുമായി സൗഹൃദം തുടർന്നു. ഇതിനിടെ കൊല്ലം, കരുനാഗപ്പള്ളി, തിരുവനന്തപുരം മേഖലകളിലെ 27 പേരിൽ നിന്നായി ഒരു കോടി രൂപ വാങ്ങി വിനീഷിനു കൈമാറി. ഇതിൽ നിന്ന് 50 ലക്ഷം രൂപ കമ്മിഷനായി ഫെബിൻ കൈപ്പറ്റിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കൊല്ലം സ്വദേശിയായ ഉദ്യോഗാർഥി 2 ലക്ഷം രൂപ ഫെബിന്റെ അക്കൗണ്ടിലേക്ക് അയച്ചതിനെപ്പറ്റിയുള്ള പരാതി ലഭിച്ചതോടെ ഫെബിനെ പൊലീസ് നിരീക്ഷിച്ചു തുടങ്ങി. തട്ടിപ്പിൽ ഫെബിനു പങ്കുണ്ടെന്നു ബോധ്യപ്പെട്ടതോടെ കൊല്ലത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

എസ്ഐമാർക്കൊപ്പമുള്ള ചിത്രം തട്ടിപ്പിന് ഉപയോഗിച്ച് പ്രതികൾ

മുഖ്യപ്രതി വിനീഷുമായി ഗ്രേഡ് എസ്ഐമാർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനാലാണ് ഇവരെ ഡിഐജി സസ്പെൻഡ് ചെയ്തത്. മാവേലിക്കരയിൽ മുൻപു ജോലി ചെയ്തിരുന്ന വർഗീസ് മാത്യു, ഗോപാലകൃഷ്ണൻ, ഹക്കിം എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഇവർ കേസിന്റെ വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്ഐമാരുമായുള്ള ബന്ധവും അവർക്കൊപ്പമുള്ള ചിത്രങ്ങളും തട്ടിപ്പിന് പ്രതികൾ ഉപയോഗിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ മരുന്നുകൾ മുഖ്യപ്രതി വിനീഷിന്റെ താമസസ്ഥലത്തും ചില മെഡിക്കൽ സ്റ്റോറുകളിലും കണ്ടെത്തിയെങ്കിലും അതേപ്പറ്റിയുള്ള വകുപ്പിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് കോടതിയിൽ പ്രത്യേക കേസ് ഫയൽ ചെയ്യുമെന്നാണ് അധികൃതർ പറഞ്ഞത്. ഇതെപ്പറ്റി വകുപ്പുതല അന്വേഷണം നടത്തിയിട്ടില്ല. വലിയ തുക ഉൾപ്പെട്ട കേസായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ഇപ്പോഴത്തെ അന്വേഷണ സംഘത്തലവനായ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ.ജോസ് ശുപാർശ ചെയ്തിട്ടുണ്ട്. 

തട്ടിപ്പിന്റെ തുടക്കം

കരീലക്കുളങ്ങര സ്വദേശിയായ യുവതിക്ക് ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയാണ് സംഘം തട്ടിപ്പ് തുടങ്ങിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. 2018ൽ ആണത്. അതിനും മുൻപ് മറ്റാരെയെങ്കിലും പറ്റിച്ചോ എന്നു വ്യക്തമല്ല. ഒരുപക്ഷേ, നാണക്കേട് കാരണമോ പണം തിരിച്ചു കിട്ടിയതിനാലോ പുറത്തു പറയാത്ത സംഭവങ്ങളുണ്ടാകാം. മുഖ്യപ്രതി വിനീഷിന്റെ പെറ്റ് ഷോപ്പിൽ യുവതിയുടെ പിതാവ് ഒരിക്കൽ ചെന്നിരുന്നു. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന തൊഴിൽ പ്രസിദ്ധീകരണം കണ്ടാണ് വിനീഷ് ആദ്യ ചൂണ്ടയെറിഞ്ഞത്. വിനീഷ് അതെക്കുറിച്ചു ചോദിച്ചറിഞ്ഞു.

ജോലിക്കു ശ്രമിക്കുന്നത് ആർക്കു വേണ്ടിയാണെന്നും എന്തു ജോലിയാണെന്നുമൊക്കെ വിനീഷ് അന്വേഷിച്ചു. ദേവസ്വം ബോർഡിലെ ജോലിക്കാണെന്നു പറഞ്ഞപ്പോൾ, അതൊന്നും അങ്ങനെ കിട്ടില്ലെന്നു വിനീഷിന്റെ മറുപടി. മറ്റു ചില വഴികളുണ്ടെന്നു വിശ്വസിപ്പിച്ചു. യുവതിയുടെ പിതാവിന്റെ ഫോൺ നമ്പർ വിനീഷ് വാങ്ങുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിനീഷ് വിളിച്ച് ജോലി സാധ്യത വിവരിച്ചു. പിന്നാലെ കരീലക്കുളങ്ങരയിലെ വീട്ടിൽ വിനീഷ് എത്തി. 3.5 ലക്ഷം രൂപ കൊടുത്താൽ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. അന്ന് ഒരു ലക്ഷം പണമായി വാങ്ങി. പിന്നീട് പലപ്പോഴായി വാങ്ങിയതും ചേർത്ത് 3.15 ലക്ഷം.

വൈക്കത്തെ ക്ഷേത്രകലാപീഠത്തിൽ ക്ലാർക്കായി നിയമനം ലഭിക്കുമെന്ന ‘അറിയിപ്പാണ്’ യുവതിക്ക് ലഭിച്ചത്. സർട്ടിഫിക്കറ്റ് പരിശോധനയുടെയും അഭിമുഖത്തിന്റെയും തീയതികൾ വരെ അറിയിച്ച് പിന്നെയും കത്തുകൾ വന്നു. അഭിമുഖത്തിന്റെ തീയതി അടുത്തപ്പോൾ മറ്റൊരു കത്ത്: തീയതി മാറ്റിവച്ചു. ‘നിയമനം’ നീട്ടിക്കൊണ്ടുപോകാൻ ഇങ്ങനെ പല അറിയിപ്പുകളും വന്നുകൊണ്ടിരുന്നു.സംശയം തോന്നിയ യുവതി ദേവസ്വം ബോർഡ് ആസ്ഥാനത്ത് നേരിട്ട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. തുടർന്ന് ഡിജിപിക്ക് യുവതി പരാതി അയച്ചു. ഡിജിപി ജില്ലാ പൊലീസ് മേധാവിക്കും അവിടെനിന്ന് മാവേലിക്കര പൊലീസിലേക്കും അന്വേഷിക്കാൻ നിർദേശം നൽകി.

പിടിയിലാകുമെന്നു വന്നപ്പോൾ വിനീഷ് പണം തിരികെ കൊടുത്തു. മാവേലിക്കര പൊലീസ് അന്വേഷിക്കാൻ എത്തിയപ്പോൾ യുവതിക്കും വീട്ടുകാർക്കും പരാതിയില്ല. എന്നാൽ, പൊതുസ്ഥാപനങ്ങളുടെ വ്യാജരേഖകൾ നിർമിച്ചിട്ടുള്ളതിനാൽ അന്വേഷിക്കേണ്ടതാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ട് നൽകി. മാവേലിക്കര പൊലീസ് അന്വേഷണം തുടങ്ങി. അതോടെ 15 ദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്ന കോടതിയുത്തരവ് വിനീഷ് സമ്പാദിച്ചു.തട്ടിപ്പു നടന്നെന്ന വിവരം പുറത്തു വന്നതോടെ കൂടുതൽ പരാതികൾ പൊലീസിനു ലഭിച്ചു. ഈ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതും തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നതും.

മാറ്റമില്ലാത്ത തന്ത്രം

ഇതുവരെ ലഭിച്ച പരാതികളിൽനിന്ന് പൊലീസ് മനസ്സിലാക്കിയത്, ഒരേ രീതിയിലാണ് തട്ടിപ്പെന്നാണ്. ഇരയെ കിട്ടിയാൽ വിശ്വാസം നേടി അഡ്വാൻസ് തുക ചോദിക്കും. പിന്നെ നിയമന സാധ്യത അറിയിച്ച് വ്യാജമായി കത്തയയ്ക്കും. സർട്ടിഫിക്കറ്റ് പരിശോധനയുടെയും അഭിമുഖത്തിന്റെയും തീയതി വരെ അറിയിക്കും. ഇതിനിടയിൽ പലപ്പോഴായി ബാക്കി പണം വാങ്ങും. പിന്നെ മാറ്റിവച്ചതായി പല തവണ അറിയിപ്പു വരും. ഇരകൾക്കു സംശയം തോന്നാത്ത വിധമാണ് ഇതെല്ലാം ചെയ്യുന്നത്. വഴിവിട്ട ഇടപാടായതിനാൽ പണം നഷ്ടപ്പെട്ടവർ പുറത്തു പറയുകയുമില്ല.

സർട്ടിഫിക്കറ്റ് പരിശോധനയുടെയോ അഭിമുഖത്തിന്റെയോ ‘തീയതി’ക്കു തൊട്ടുമുൻപ് ചിലപ്പോൾ അറിയിപ്പ് വരും: വിജിലൻസിന്റെ സാന്നിധ്യമുണ്ട്, ഇപ്പോൾ പോകേണ്ട. ഇത്തരം ചെറിയ ഭയപ്പെടുത്തൽ കാരണം ആരും നേരിട്ട് അന്വേഷിക്കാൻ ശ്രമിച്ചില്ല. തട്ടിപ്പുകാർ സുരക്ഷിതരായി അടുത്ത ഇരയെ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ, കരീലക്കുളങ്ങരയിലെ യുവതി നേരിട്ട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പുകാരുടെ തന്ത്രം പൊളിഞ്ഞത്.

പരാതിക്കാർ കുറവ്

തട്ടിപ്പിനെപ്പറ്റി ഇതുവരെ പൊലീസ് 42 കേസുകളാണ് എടുത്തത്. എന്നാൽ, ഇതിൽ കൂടുതൽ ആളുകൾ നാണക്കേടുകൊണ്ടോ തട്ടിപ്പു സംഘത്തിന്റെ ഭീഷണി കാരണമോ പരാതിപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ വിശ്വാസം. കായംകുളം സ്പിന്നിങ് മില്ലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനു പിന്നിലും ഇതേ സംഘമാണെന്ന് പൊലീസ് പറയുന്നു. അവിടെ കുറെ നാൾ മുൻപ് ‘അഭിമുഖത്തിന്’ ഒട്ടേറെപ്പേർ എത്തിയിരുന്നു. അപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.

പക്ഷേ, പരാതിപ്പെട്ടത് ഒരാൾ മാത്രം. 10 ലക്ഷം നഷ്ടമായെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പണം നഷ്ടമായിട്ടും പരാതി നൽകാത്ത ഒട്ടേറെപ്പേരെ പൊലീസിന് അറിയാം. മുഖ്യപ്രതികൾ പുറത്തു വന്നാൽ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അവരിൽ പലരും. അതുകൊണ്ട് അവർക്ക് പരാതിയുമില്ല. ചിലരെയൊക്കെ നിർബന്ധിച്ചു വിളിച്ചു വരുത്തിയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്.

മരുന്നിനു പോലും അന്വേഷണമില്ലേ?

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ജോലി വാഗ്ദാനം ചെയ്തും സംഘം പലരിൽനിന്നും പണം വാങ്ങിയിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സർക്കാർ മൃഗാശുപത്രികൾ വഴി വിതരണം ചെയ്യാനുള്ള മരുന്നുകൾ പ്രതികളിൽനിന്ന് കണ്ടെത്തിയത്. ഡ്രഗ് കൺട്രോൾ വിഭാഗം അധികൃതരെത്തി പരിശോധിച്ച് മരുന്നുകൾ തിരികെ കൊണ്ടുപോയി.

പക്ഷേ, മരുന്നുകൾ എങ്ങനെ അവിടെയെത്തിയെന്ന് അന്വേഷിക്കുന്നുണ്ടോ എന്ന് പൊലീസിന് വിവരമില്ല. വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അത്തരം സ്വാധീനം വഴിയാകാം മരുന്ന് പുറത്തെത്തിയതെന്നും പൊലീസ് സംശയിക്കുന്നു.

ഒരു ലക്ഷം മുതൽ 18 ലക്ഷം വരെ

ഒരു ലക്ഷം മുതൽ 18 ലക്ഷം വരെയാണ് പ്രതികൾ തട്ടിയെടുത്തത്. ദേവസ്വം ബോർഡിൽ ക്ലാർക്ക്, കഴകം, പ്യൂൺ തുടങ്ങിയ ജോലികളായിരുന്നു വാഗ്ദാനം. ക്ലാർക്ക് ജോലിക്ക് 9–15 ലക്ഷം, പ്യൂൺ – 7, വാച്ചർ 5.5 ലക്ഷം, കഴകം 4ലക്ഷം, സെക്യൂരിറ്റി – 4.5 ലക്ഷം എന്നിങ്ങനെയാണ് തോത്. പകുതി തുക ആദ്യം നൽകണം, ബാക്കി ജോലിയിൽ പ്രവേശിച്ച ശേഷം എന്നതായിരുന്നു പ്രതികളുടെ വ്യവസ്ഥ. ദേവസ്വം ബോർഡിൽ ക്ലറിക്കൽ ജോലി വാഗ്ദാനം ചെയ്തു 18 ലക്ഷം രൂപാ വീതം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് 2 കേസുകൾ കഴിഞ്ഞദിവസം റജിസ്റ്റർ ചെയ്തു. 

 പ്രതികൾ വഴി ആർക്കും ജോലി ലഭിച്ചതായി പൊലീസിനു തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ, മുഖ്യപ്രതി വിനീഷ് പൊലീസിനു നൽകിയ മൊഴി നാലുപേർക്കു ദേവസ്വം ബോർഡിൽ ജോലി ലഭിച്ചെന്നാണ്.

 കേസിൽ 4 പ്രതികൾ കൂടിയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 2018 മുതൽ തട്ടിപ്പ് നടന്നിട്ടും പൊലീസിന് ആദ്യ സൂചന ലഭിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. അഞ്ചുപേരുടെ പരാതി ദേവസ്വം വിജിലൻസും അന്വേഷിച്ചെങ്കിലും തെളിവു ലഭിച്ചില്ല. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ ധൈര്യം നൽകി.

MORE IN KERALA
SHOW MORE