തെരുവുനായയിൽ നിന്ന് രക്ഷപ്പെടാൻ ഓടി കുട്ടി: കിണറ്റിൽ വീണു; അതിസാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാര്‍

kottayam-levin.jpg.image.845.440
SHARE

തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽ വീണു. ഒപ്പമുണ്ടായിരുന്ന സഹോദരി കരഞ്ഞു ബഹളം കൂട്ടി. നാട്ടുകാർ സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി. നീണ്ടൂർ ഓണംതുരുത്ത് വാസ്കോ കവലയ്ക്കു സമീപം കോതയാനിക്കൽ ഭാഗത്താണ് സംഭവം. ഇന്നലെ സ്കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങിയ ലെവിൻ ഷൈജുവാണ് (8) ആഴമുള്ള കിണറ്റിൽ വീണത്. കുറുമുള്ളൂർ സെന്റ് തോമസ് സ്കൂളിലെ 3–ാം  ക്ലാസ് വിദ്യാർഥിയാണ്. വീടിനു പിറകിലുള്ള പറമ്പിലെ കിണറ്റിലാണു വീണത്.

സാധാരണ നടന്നുവരുന്ന വഴിയിൽ നായശല്യം ഉള്ളതിനാൽ കുറുക്കുവഴിയേ വീട്ടിലേക്കു മടങ്ങുകയായിരുന്നു, ലെവിനും ചേച്ചി ആറാം ക്ലാസുകാരി ഗ്ലോറിയയും. വീടിനു പിന്നിലെ കാടുകയറിയ പറമ്പിന്റെ ഒറ്റയടിപ്പാതയിലൂടെ വന്നപ്പോൾ  തെരുവുനായ കുരച്ചു ചാടി.  ഇവർ പേടിച്ച് രണ്ടു ഭാഗത്തേക്ക് ഓടി. ഗ്ലോറിയ സമീപത്തെ കോതാട്ട് തടത്തിൽ രഞ്ജിതയുടെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. ഉടൻ തന്നെ രഞ്ജിത, ഗ്ലോറിയയുടെ കൂട്ടിനെത്തി.

അപ്പോഴാണ് സമീപത്തെ പറമ്പിലെ കിണറ്റിൽ നിന്നു ലെവിന്റെ കരച്ചിൽ കേട്ടത്. മോട്ടറിന്റെ കയറിൽ പിടിച്ച് കിണറിനുള്ളിൽ തൂങ്ങി നിന്നു നിലവിളിക്കുകയായിരുന്നു ലെവിൻ. 30 അടി താഴ്ചയുള്ള കിണറിന്റെ താഴ്ചയിൽ വെള്ളത്തിൽ മുട്ടിയാണ് ലെവിൻ കയറിൽ തൂങ്ങിനിന്നത്. കിണറിനു സംരക്ഷണ മറ ഉണ്ടായിരുന്നില്ല. രഞ്ജിതയും ഗ്ലോറിയയും ബഹളംവച്ച് നാട്ടുകാരെ കൂട്ടി. നാട്ടുകാരനായ ജിനു മരത്തിൽ കയർ കെട്ടി അതിൽതൂങ്ങി കിണറ്റിലേക്ക് ഇറങ്ങി.

വെള്ളത്തിലേക്ക് താഴ്ന്നു പോകാതെ ലെവിനെ താങ്ങിനിർത്തി. മറ്റൊരു കയറിൽ കസേര കെട്ടിയിറക്കി ലെവിനെ അതിൽ ഇരുത്തി കരയിലേക്കു മറ്റുള്ളവർ വലിച്ചുകയറ്റി. മോട്ടർ ഉപയോഗിച്ച് സമീപ വീടുകളിലേക്ക് വെള്ളമെടുക്കുന്ന കിണറാണിത്.  ആസ്ബസ്റ്റോസ് ഷീറ്റും പലകയും ഉപയോഗിച്ച് കിണറിന്റെ മുകൾ ഭാഗം മറച്ചിരുന്നു. ഭയന്നോടിയ ലെവിൻ കിണറിന്റെ പലകയിൽ ചവിട്ടി തെന്നിമാറി വീഴുകയായിരുന്നു. ഡ്രൈവറായ ഷൈജു മാത്യുവിന്റെയും അഞ്ജുവിന്റെയും മകനാണ് ലെവിൻ.

MORE IN KERALA
SHOW MORE