ഏഴു വയസുകാരന്റെ കൊല; സാക്ഷികളുടെ പട്ടിക കൈമാറി; വിചാരണ അടുത്തമാസം

thodupuzha
SHARE

തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അടുത്തമാസം പകുതിയോടെ വിചാരണ തുടങ്ങാന്‍ പ്രോസിക്യൂഷന്‍ നീക്കം. വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും സമയക്രമവും കോടതിക്ക് കൈമാറി. കുറ്റം ചുമത്തിയ നടപടിക്കെതിരെ ആക്ഷേപം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി കേസ് ഇരുപത്തിയെട്ടിലേക്ക് മാറ്റി.

തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ കോടതി നിര്‍ദേശപ്രകാരം നേരിട്ട് ഹാജരാക്കി. കുറ്റപത്രം വായിച്ചു േകള്‍പ്പിക്കുന്നതിനാണ് പ്രതിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വിചാരണ തുടങ്ങാനുള്ള നടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കമാണ് ഇന്നും പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കുറ്റം ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടിയില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഇതിനിടെ കേസിന്റെ വിചാരണ അടുത്തമാസം പകുതിയോടെ തുടങ്ങാനാണ് പ്രോസിക്യൂഷന്‍ ശ്രമം. സാക്ഷി വിസ്താരം നവംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

നേരത്തെ പ്രതി അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സമയ പരിധി അവസാനിക്കാന്‍ ഇനി രണ്ടുമാസം മാത്രമാണ് ശേഷിക്കുന്നത്. 2019 മാര്‍ച്ചിലാണ് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ സഹോദരന്‍ സോഫയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ തലച്ചോര്‍ പുറത്തുവന്ന കുട്ടി പത്തുദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മരിച്ചത്.

MORE IN KERALA
SHOW MORE