ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറിനുള്ളിൽവച്ച് തുന്നിക്കെട്ടി; 3 ലക്ഷം നഷ്ടപരിഹാരം നൽകണം

tcr-medical-clg
SHARE

തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പാൻക്രിയാസ് ശസ്ത്രക്രിയയ്ക്കിടെ ഉപകരണമായ ഫോർസെപ്സ് രോഗിയുടെ വയറിനുള്ളിൽ മറന്നു വച്ചു തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു മനുഷ്യാവകാശ കമ്മിഷൻ. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽനിന്നു നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരനു നൽകാം. ഉത്തരവാദപ്പെട്ടവരിൽനിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്കു തീരുമാനിക്കാമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറയുന്നു. ഉത്തരവു ലഭിച്ച് ഒരു മാസത്തിനകം തുക നൽകണം. അല്ലാത്തപക്ഷം പത്തുശതമാനം പലിശ നൽകേണ്ടി വരും. ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയശേഷം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

തൃശൂർ കണിമംഗലം സ്വദേശി ഓട്ടോറിക്ഷാ തൊഴിലാളിയായ ജോസഫ് പോൾ നൽകിയ പരാതിയിലാണു നടപടി. 2020 മേയ് അഞ്ചിനാണ് ജോസഫ് പോളിനു തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണു ശസ്ത്രക്രിയ ഉപകരണം വയറിൽ കുടുങ്ങിയ കാര്യം മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു.

ജില്ലാ പൊലീസ് മേധാവിയിൽനിന്നും കമ്മിഷൻ അന്വേഷണ റിപ്പോർട്ട് തേടിയിരുന്നു. ഡോക്ടർമാർക്കെതിരെ തൃശൂർ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ‌പിന്നീട് ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർ കേസ് അന്വേഷണം തുടങ്ങി. ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനു ശേഷം ഡോ. എം.എ. ആൻഡ്രൂസ് ചെയർമാനായി മെഡിക്കൽ ബോർഡിന് രൂപം നൽകി. മെഡിക്കൽ ബോർഡും ഡോക്ടർമാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തി. ആശുപത്രി സൂപ്രണ്ടിന്റെ വാദം തള്ളിയ കമ്മിഷൻ ചികിത്സാ പിഴവുണ്ടായതായി കണ്ടെത്തി. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ. അർഷാദ്, ഡോ. പി.ആർ. ബിജു, നഴ്സുമാരായ മുഹ്സിന, ജിസ്മി വർഗീസ് എന്നിവർ കുറ്റക്കാരാണെന്നാണ് കമ്മിഷൻ കണ്ടെത്തിയത്.

MORE IN KERALA
SHOW MORE