റോഡിലെ കുഴികൾ അടയ്ക്കൽ തുടരുന്നു; ഇടപെട്ട് കോടതിയും ഭരണകൂടവും

road
SHARE

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ ദേശീയ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് കുഴിയടക്കൽ തുടങ്ങിയത്. റോഡുകളിലെ കുഴികൾ അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടറും നിർദ്ദേശം നൽകിയിട്ടുണ്ട് 

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കുക. ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ അമിക്കസ് ക്യൂറി വഴി ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞദിവസം ആരംഭിച്ച കുഴിയടക്കൽ ഇന്നും തുടരും. അങ്കമാലിക്കും കൊരട്ടിക്കും ഇടയിലുള്ള കുഴികൾ അടയ്ക്കുന്ന പ്രവർത്തികളാണ് ഇന്നലെ പ്രധാനമായും നടന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തെ കുഴികൾ മാത്രമാണ് ഇന്നലെ മൂടിയത്. ദേശീയ പാതയിലെ അറ്റകുറ്റ പണിയുടെ വിശദാംശങ്ങൾ അമിക്കസ് ക്യൂറി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. അതിനിടെ എറണാകുളം ജില്ലയിലെ ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികൾ അടിയന്തരമായി അടയ്ക്കാൻ ജില്ലാ കലക്റ്റർ ഡോ. രേണു രാജ് നിർദേശം നൽകി. പണികൾ പൂർത്തിയാക്കി പത്തു ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിച്ചില്ലെങ്കിൽ  ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും കലക്റ്ററുടെ നിർദേശത്തിൽ പറയുന്നു. നെടുമ്പാശേരി ദേശീയപാതയിൽ  റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടത്

MORE IN KERALA
SHOW MORE