കാക്കനാട് മെട്രോ; 100 കോടി സ്ഥലം വിട്ടുകൊടുത്ത ഉടമകൾക്ക്: വ്യാപാരികൾക്കും നേട്ടം

kochi-metro
SHARE

ജില്ലാ ആസ്ഥാനത്തേക്കു മെട്രോ ദീർഘിപ്പിക്കാൻ സ്ഥലം വിട്ടു കൊടുത്ത 134 ഭൂ ഉടമകൾക്കു വില നൽകാൻ 100 കോടി രൂപ അനുവദിച്ചു. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഉടമകൾക്കും വാടകക്കാരായ വ്യാപാരികൾക്കും 69 കോടി രൂപ നൽകും. പൂണിത്തുറ, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലെ 33 ഭൂ ഉടമകൾക്കു നൽകാനുള്ളതാണു ശേഷിക്കുന്ന തുക. സ്ഥലം വിട്ടു കൊടുത്ത ഉടമകൾ മാസങ്ങൾക്കു മുൻപ് ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറിയിരുന്നു. 100 കോടി രൂപ അടിയന്തരമായി ആവശ്യപ്പെട്ടു ജില്ലാ ഭരണകൂടം കെഎംആർഎലിനു പലതവണ കത്തു നൽകിയിരുന്നു. 

സർക്കാർ അനുവദിച്ച തുക കെഎംആർഎൽ അക്കൗണ്ടിലേക്കു കൈമാറാനുള്ള നടപടി തുടങ്ങി. പണം കിട്ടിയാലുടൻ കലക്ടർക്കു കൈമാറും. സിവിൽ ലൈൻ റോഡിൽ സ്ഥലം വിട്ടു നൽകുന്നവരാണു വാഴക്കാല വില്ലേജ് പരിധിയിലെ 101 ഭൂ ഉടമകൾ. നേരത്തെ അനുവദിച്ച ഫണ്ട് ശേഷിക്കുന്ന ഭൂ ഉടമകൾക്കു വിതരണം ചെയ്തിരുന്നു. സ്ഥലമെടുപ്പിനു 130 കോടി രൂപയും റോഡ് വീതി കൂട്ടാൻ 59 കോടി രൂപയുമാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചിരുന്നത്. ബാക്കി ഫണ്ട് കിട്ടാതിരുന്നതിനാൽ 9 മാസമായി ഭൂ വില വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു.

വാടകക്കാരായ ഒട്ടേറെ വ്യാപാരികൾക്കും നഷ്ട പരിഹാരം നൽകാനുണ്ട്. കാക്കനാട് വില്ലേജ് പരിധിയിലെ എല്ലാ പ്ലോട്ടുകൾക്കും വില അനുവദിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട ഉടമകൾക്കും വാടകക്കാർക്കും വെവ്വേറെ ആനുകൂല്യങ്ങളാണ് അനുവദിച്ചിരിക്കുന്നത്. പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആനുകൂല്യവും നൽകുന്നുണ്ട്. വിപണി വിലയും ന്യായവില റജിസ്റ്ററും 3 വർഷത്തിനിടയിൽ പരിസരത്തു നടന്ന സ്ഥലമിടപാടുകളുടെ ആധാരങ്ങളും പരിശോധിച്ചാണ് ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില നിർണയിച്ചത്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് പാലാരിവട്ടം സിവിൽ ലൈൻ റോഡിലൂടെ ബൈപാസ് ക്രോസ് ചെയ്ത് ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ വഴി ലിങ്ക് റോഡിലൂടെ സീപോർട്– എയർപോർട് റോഡിലെത്തി ഈച്ചമുക്ക്, ചിറ്റേത്തുകര ഐടി റോഡ് വഴിയാണു മെട്രോ റയിൽ ഇൻഫോപാർക്കിലെത്തുക.

MORE IN KERALA
SHOW MORE