‘സിപിഎമ്മുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും’ ആക്രമണം: അറസ്റ്റ്

alappuzha-attack
SHARE

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത് പരാതിപ്പെടാൻ സിപിഐ പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ വീടുകയറി ആക്രമിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയു‍ൾപ്പെടെ 2 പേർ അറസ്റ്റിൽ. സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി  സനാതനപുരം വാർഡിൽ കുടുവൻ തറയിൽ   ഡി. അജയന്റെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തിയ സംഘം സമീപം താമസിക്കുന്ന മാതൃസഹോദരീ പുത്രി ലജി സജീവിന്റെ വീടാണ് ആക്രമിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി  ജെ. ജയകൃഷ്ണൻ (24),  മോഹിത്   (25) എന്നിവരാണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അജയന്റെയും ലജിയുടെയും വീടുകൾ സമീപത്താണ്. ലജിയുടെ വീട്ടിലെ ടിവിയും ജനലുകളും വീടിനു മുന്നിലുണ്ടായിരുന്ന കാറിന്റെയും മിനിലോറിയുടെയും ചില്ലുകളും  തകർത്തു. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള ലജിക്ക് ദേഹോപദ്രവമേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.  ഇന്നലെ പുലർച്ചെ ഒന്നിനാണ് സംഭവം. ലജിയുടെ ബന്ധുവിന്റെ കാറും അജയന്റെ മകൻ അരുണിന്റെ മിനി ലോറിയുമാണ് തകർത്തത്. വീട്ടിലെത്തിയ സംഘം ചെടിച്ചട്ടി എടുത്ത് കാറും ടിവിയും എറിഞ്ഞുടച്ചു.

അരുണും ലജിയുടെ മകൻ സൈന്യത്തിൽ നിന്ന് അവധിക്കു വന്ന വിഷ്ണുവും   അജയന്റെ വീട്ടിൽ ഉറങ്ങുകയായിരുന്നു. അവർ ഓടിയെത്തിയപ്പോൾ സംഘം രക്ഷപ്പെട്ടു. വിവരം അറിഞ്ഞയുടൻ സൗത്ത് പൊലീസ് സ്ഥലത്തെത്തി. ആക്രമണത്തെ തുടർന്ന് പ്രതികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതിനിടെയാണ്  പൊലീസ് പിടികൂടിയത്. സംഘത്തിന് വിഷ്ണുവും അരുണുമായി നേരത്തെയുണ്ടായിരുന്ന തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. അതേസമയം, മോഹിത്തിനെ പരാതിക്കാർ മർദിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

‘സിപിഎമ്മുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും’ എന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് അജയൻ പറഞ്ഞു. ജയകൃഷ്ണന്റെ നേതൃത്വത്തി‍ൽ  ആറംഗ സംഘം രാത്രി പന്ത്രണ്ടരയോടെ വീടിനു മുന്നിൽ എത്തി ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പോയപ്പോഴാണ് വീടാക്രമിച്ചത്. 3 ബൈക്കിലും ഒരു കാറിലുമാണ് സംഘം എത്തിയത്. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയില്ല.

MORE IN KERALA
SHOW MORE