ബെഹ്റയുടെ ഫണ്ട് വകമാറ്റം ക്രമവിരുദ്ധമെന്ന് ധനവകുപ്പ്; അംഗീകാരം ഈ എതിർപ്പ് മറികടന്ന്

fundwb
SHARE

മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കോടികളുടെ ഫണ്ട് വകമാറ്റം മന്ത്രിസഭ അംഗീകരിച്ചത് ധനവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച്. ബെഹ്റ നടത്തിയത് ക്രമവിരുദ്ധമെന്നും കര്‍ശന നടപടി വേണമെന്നും ധനവകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ച് മുഖ്യമന്ത്രിയാണ് അംഗീകാരത്തിനായി ഫയല്‍ മന്ത്രിസഭായോഗത്തില്‍ വച്ചത്. പകര്‍പ്പുകള്‍ മനോരമ ന്യൂസിന്

സാധാരണ പൊലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ അനുവദിച്ച 4 കോടി 33 ലക്ഷം രൂപയാണ് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ വകമാറ്റിയത്. ക്വാര്‍ട്ടേഴ്സിന് പകരും ഡി.ജി.പിക്ക് ഔദ്യോഗിക വസതിയും ഐ.പി.എസുകാര്‍ക്ക് വില്ലയും നിര്‍മിച്ചു. സി.എ.ജി റിപ്പോര്‍ട്ടില്‍ പോലും അഴിമതിയെന്ന് വിശേഷിപ്പിച്ച ഈ ഫണ്ട് വകമാറ്റത്തിന് മൂന്നാം തീയതി ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മുന്‍പ് നാല് തവണ ആഭ്യന്തരസെക്രട്ടറിമാര്‍ തിരിച്ചയച്ച ഫയല്‍ ഇത്തവണ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് അംഗീകരിച്ചതെന്ന് മന്ത്രിസഭായോഗത്തിന്റെ ഫയലുകളില്‍ വ്യക്തം. സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഫയലായതുകൊണ്ട് തന്നെ ചട്ടപ്രകാരം ധനവകുപ്പിന്റെ അനുമതി തേടി. ധനവകുപ്പ് പൂര്‍ണ അനുമതി നല്‍കിയില്ലെന്ന് മാത്രമല്ല ഫണ്ട് വകമാറ്റം ക്രമവിരുദ്ധമെന്ന് രേഖപ്പെടുത്തി. വകമാറ്റിയത് കേന്ദ്രഫണ്ടായതിനാല്‍ വരുംനാളുകളില്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ധനസഹായം ലഭിക്കുന്നതില്‍ തടസമാകുമെന്നും അതിനാല്‍ വകമാറ്റിയതിനെതിരെ കര്‍ശന നടപടി വേണമെന്നും കുറിപ്പായി രേഖപ്പെടുത്തി. ഇത് അവഗണിച്ച മുഖ്യമന്ത്രി ഫയല്‍ മന്ത്രിസഭയുടെ പരിഗണനയിലെത്തിക്കുകയും അംഗീകരിക്കുകയുമായിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ ബെഹ്റയ്ക്കെതിരെ ഉയര്‍ന്ന ഏറ്റവും പ്രധാന ആരോപണമാണ് ഇങ്ങിനെ മുഖ്യമന്ത്രി സാധൂകരിച്ച് നല്‍കിയത്.

MORE IN KERALA
SHOW MORE