കണയന്നൂര്‍ ഓഫീസിനു മുന്നിലെ മരത്തില്‍ കൂറ്റൻ പെരുമ്പാമ്പ്; ഇനി മംഗളവനത്തിലേക്ക്

പൊതുജനങ്ങളും സമരക്കാരുമെത്താറുള്ള കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് ഞായറാഴ്ച്ച എത്തിയത് മറ്റൊരാളാണ്. നഗരം കാണാനെത്തിയ കൂറ്റന്‍ പെരുമ്പാമ്പാണ് താലൂക്ക് ഓഫീസിനുമുന്നിലെ മരത്തില്‍ കയറി സ്ഥാനം പിടിച്ചത്. രാത്രി ഫയര്‍ഫോഴ്സടക്കം എത്തിയാണ് പാമ്പിനെ താഴെയിറക്കിയത്

അവധിദിനമായതിനാല്‍ കണയന്നൂര്‍ താലൂക്കോഫീസിലേക്ക് വരാന്‍ പൊതുജനങ്ങളോ സമരക്കാരോ ഉണ്ടായിരുന്നില്ല. പക്ഷെ വൈകുന്നേരം ആ വഴി നടന്നുപോയവര്‍ മറ്റൊരു കാഴ്ച കണ്ടു. താലൂക്ക് ഓഫീസിനുമുന്നിലെ മരത്തില്‍ കൂറ്റനൊരു പെരുമ്പാമ്പ് സുഖമായി വിശ്രമിക്കുന്നു. കാര്യമറിഞ്ഞ് ആളുകൂടി. ഓഫീസിലെ ഉദ്യോഗസ്ഥരുമെത്തി.

മുകളിലിരുന്ന് രസകരമായ കാഴ്ച്ചകള്‍ ആസ്വദിച്ചതുകൊണ്ടായിരിക്കണം രാത്രിയായിട്ടും പാമ്പ് ബ്രോ നിലത്തിറങ്ങിയില്ല. എട്ടുമണിയോടെ ഫയര്‍ഫോഴ്സെത്തി.  മഴ മാറിനിന്നതോടെ സംഘം മുകളില്‍ കയറി പത്തുകിലോയിലധികം തൂക്കമുള്ള പാമ്പിനെ താഴെയെത്തിച്ചു. കൊച്ചിക്കാരനായ പാമ്പ് സ്പെഷലിസ്റ്റ് പ്രിന്‍സ് മൂപ്പരെ നേരെ ചാക്കിലേക്കാക്കി. ഇനി മംഗളവനത്തിലേക്കാണ് യാത്ര. 

MORE IN KERALA