കേരളം ശ്രീലങ്കയാവില്ലെന്ന് മന്ത്രിയുടെ ഉറപ്പ്; രണ്ടാം ദിനം സഹകരിച്ച് പ്രതിപക്ഷം

sabhasecondday
SHARE

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം സഭാ നടപടികളോട് സഹകരിച്ച് പ്രതിപക്ഷം. സംസ്ഥാനത്തിന്റെ കടബാധ്യത കൂടിയെന്നും എങ്കിലും ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ചോദ്യോത്തരവേളയില്‍ സര്‍ക്കാര്‍. ശ്രീലങ്കയിലേതിന് സമാന സാഹചര്യമുണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്ന് പ്രതിപക്ഷം. ബഫര്‍ സോണ്‍ വിഷയത്തില്‍ ജനതാല്‍പര്യം സംരക്ഷിക്കുമെന്ന് വനംമന്ത്രിയും അറിയിച്ചു.

സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ ആദ്യനിമിഷം മുതല്‍ പ്രതിഷേധമായിരുന്നെങ്കില്‍ ഇന്ന് സാഹചര്യം മാറി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണം അടിയന്തിരപ്രമേയമായി അവതരിപ്പിച്ച് പ്രതിഷേധമെല്ലാം ശൂന്യവേളയിലേക്ക് മാറ്റാനായിരുന്നു പ്രതിപക്ഷതീരുമാനം. അതുകൊണ്ട് ചോദ്യോത്തരവേളയില്‍ പൂര്‍ണ സഹകരണം. പ്രതിഷേധങ്ങളില്ലാത്തതിനാല്‍ സംസാരിക്കുന്നവരുടെയെല്ലാം ദൃശ്യങ്ങള്‍ കാണിച്ച് സഭാ ടി.വിയുടെ പ്രവര്‍ത്തനവും പതിവ് പോലെ. ബഹളമില്ലാതെ ചോദ്യോത്തരവേള കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ക്കും സന്തോഷം.

സംസ്ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി വര്‍ധിച്ചെന്നും പക്ഷെ സാഹചര്യം മെച്ചപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ ധവളപത്രം ഇറക്കില്ലെന്നും ധനമന്ത്രിയുടെ അഭാവത്തില്‍ മറുപടി പറഞ്ഞ മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. പാളിയ ധനനയവും ധൂര്‍ത്തും കാരണം സംസ്ഥാനം ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലേക്ക് പോകുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ശ്രീലങ്കയാവില്ലെ‌‌‌‌‌ന്ന് ഉറപ്പുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ബഫര്‍ സോണ്‍ ശ്രദ്ധക്ഷണിക്കലായി ഉയര്‍ന്നപ്പോള്‍ ജനതാല്‍പര്യം സംരക്ഷിക്കുമെന്ന അറിയിച്ച വനംമന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടിനെ വിമര്‍ശിച്ചു. ജനങ്ങളുമായി ബന്ധമുണ്ടാകണമെന്ന ധാരണ ഉദ്യോഗസ്ഥര്‍ക്കില്ലെന്നും എന്തിനും ഏതിനും കേന്ദ്ര അനുമതി വേണമെന്ന് വാശിപിടിക്കുന്നവരാണ് ഉദ്യോഗസ്ഥരെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 

MORE IN KERALA
SHOW MORE