മലയെ നോട്ടമിട്ട് മണ്ണുമാഫിയ; നിലനിൽപ് ഭീഷണിയിൽ എരിചുരുളി മല

eruchuruliala
SHARE

പത്തനംതിട്ട പന്തളം കുരമ്പാലയിലെ എരി ചുരുളി മലയിലെ മണ്ണു കടത്താനുളള നീക്കമറിഞ്ഞ് ഭയത്തിലാണ് മലയടി വാരത്തെ താമസക്കാർ. ഉരുൾപൊട്ടൽ ഭീതിയുള്ള ആതിരമലയ്ക്കടുത്താണ് എരി ചുരുളി മലയും. കഴിഞ്ഞ മഴക്കാലത്ത് ഉരുൾ പൊട്ടൽ സാധ്യത കണക്കിലെടുത്ത് താമസക്കാരെ ഒഴിപ്പിച്ചിരുന്ന പ്രദേശമാണിത്.

എരി ചുരുളി  മലയുടെ അടിവാരത്തായി 220 കുടുംബങ്ങളാണ് താമസിക്കുന്നത്. നിര്‍ധന കുടുംബങ്ങളാണ് ഏറെയും. മണ്ണെടുപ്പു നീക്കം വന്നതോടെ വര്‍ഷങ്ങളായി ഇവിടെ കഴിയുന്നവര്‍  ആശങ്കയിലായി. പന്തളം നഗരസഭയുടെ 17-ാം വാര്‍ഡിലാണ് മലയുടെ ഭൂരിഭാഗവും.  നഗരസഭാ പരിധിയിലെ ഏറ്റവും ഉയരമുള്ള ആതിരമലയോട് ചേര്‍ന്നാണ് എരിചുരുളി മലയും.  കഴിഞ്ഞ ഒക്ടോബറില്‍ ശക്തമായ മഴയെ തുടര്‍ന്ന് അടിവാരത്ത് താമസിച്ചിരുന്നവരെ മഴ ശമിക്കുന്നത് വരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.  പശുവിനെ വളര്‍ത്തിയും കൃഷി ചെയ്തും ഉപജീവനം കഴിയുന്നവരാണ് പല കുടുംബങ്ങളും.  വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശം കൂടിയാണിത്. മണ്ണെടുപ്പ് നടത്തിയാല്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു. 

തദ്ദേശീയരായ ഇടനിലക്കാരെയാണ് ഭൂമി ഇടപാടിനായി ഒരു സംഘം സമീപിച്ചത്. മലയുടെ ഉടമസ്ഥാവകാശമുള്ളവര്‍ തദ്ദേശീയരല്ല. ഉടമകളുമായി സ്ഥലം വാങ്ങാനെത്തിയവര്‍ നേരിട്ടിടപെട്ടതോടെ നാട്ടുകാരായ ഇടനിലക്കാരെ ഒഴിവാക്കി. ഇതോടെയാണ് മണ്ണെടുക്കാനാണ് എന്ന നീക്കം പുറത്തായതെന്ന് നാട്ടുകാര്‍ പറയുന്നു. വില്ലേജ് ഓഫിസില്‍ നിന്ന് ഭൂമി സംബന്ധിച്ച എല്ലാവിവരങ്ങളും സംഘം ശേഖരിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

MORE IN KERALA
SHOW MORE