കണ്ണിമയ്ക്കുന്നതിനിടയിൽ സ്കൂട്ടർ വെട്ടിച്ച് മുന്നിലേക്ക്; ഒറ്റച്ചവിട്ട്; നടുക്കം മാറാതെ അക്ഷയ്

busdriver-28
SHARE

ഒരു നിമിഷം വൈകിയാല്‍ സകലതും കൈവിട്ട് പോകുമെന്ന അവസ്ഥ. ആലോചിച്ച് ഉറപ്പിക്കാനുള്ള നേരവുമില്ല. കണ്ണടച്ച് തുറക്കും മുന്‍പ് എല്ലാം കഴിയുമെന്ന പേടിയിലാണ് എഴുന്നേറ്റ് നിന്ന് ബസിന്റെ ബ്രേക്കിൽ ആഞ്ഞു ചവിട്ടിയതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ എം.കെ. അക്ഷയ് പറയുന്നു.തൃശൂര്‍ കൊഴിഞ്ഞാമ്പാറ പാതയില്‍ സര്‍വീസ് നടത്തുന്ന സുമംഗലീസ് ബസിലെ ഡ്രൈവറാണ് അക്ഷയ്. ബൈക്ക് ഓടിച്ചയാളുടെ അശ്രദ്ധ കൊണ്ട് സംഭവിക്കാമായിരുന്ന വലിയ അപകടത്തിൽ നിന്ന് ഒട്ടേറെ ജീവൻ രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് അക്ഷയ്. ഒപ്പം നടുക്കവും മാറിയിട്ടില്ല.

റോഡിലെ തിരക്ക് നോക്കി സമയം ക്രമപ്പെടുത്താന്‍ അക്ഷയ് ശരാശരി വേഗതയിലായിരുന്നു ബസോടിച്ചിരുന്നത്. ഇതിനിടയില്‍ അപ്രതീക്ഷിതമെന്ന് കരുതുന്നത് എന്താണോ അത് റോഡില്‍ സംഭവിച്ചു. ഇടത് ഭാഗം ചേര്‍ന്ന് ദമ്പതികളുമായി നീങ്ങിയിരുന്ന ഇരുചക്രവാഹനം വേഗത്തില്‍ ബസിന് മുന്നിലൂടെ വലത്തോട് നീങ്ങി. മുന്നറിയിപ്പ് സിഗ്നലോ, യാതൊരു സൂചനയോ നല്‍കാതെ. ആലോചിച്ച് ഉറപ്പിക്കാന്‍ നേരമില്ലാത്ത സാഹചര്യത്തില്‍ വരുന്നത് വരട്ടെയെന്ന് കരുതി എഴുന്നേറ്റ് നിന്ന് ബ്രേക്കില്‍ അക്ഷയ് ചവിട്ടി. ബസിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും അലറി വിളിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസമുണ്ടായ അനുഭവം പറയുമ്പോള്‍ ഇപ്പോഴും ടെന്‍ഷന്‍ കൊണ്ട് അക്ഷയ്ക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല.

വാഹനത്തിന്റെ മുന്‍വശത്ത് ഘടിപ്പിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് പേടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. റോഡില്‍ ഇത്രയൊക്കെ ആശങ്ക നിറഞ്ഞ സാഹചര്യമുണ്ടായിട്ടും ബഹളം കൂട്ടിയിട്ടും ദമ്പതികളുടെ വാഹനം നിര്‍ത്താതെ ഓടിച്ച് പോയതായി നാട്ടുകാരും പറയുന്നു.

MORE IN KERALA
SHOW MORE