രാമനാട്ടുകരയിലും കെട്ടിട നമ്പര്‍ ക്രമക്കേട്; സെക്രട്ടറിയുടെ പരാതിയില്‍ കേസ്

ramanattukara
SHARE

കോഴിക്കോട് രാമനാട്ടുകര നഗരസഭയിലും കെട്ടിട നമ്പര്‍ ക്രമക്കേട്. സെക്രട്ടറിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. അതിനിടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ അനധികൃതമെന്ന് കണ്ടെത്തി. ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ വിഭാഗം റീജനൽ ജോ. ഡയറക്ടർ സർക്കാരിനു ശുപാർശ നല്‍കി. 

ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയിലെ കെട്ടിടത്തിന് കൈവശാവകാശ രേഖ ഇല്ലാതിരുന്നിട്ടും കെട്ടിട നമ്പര്‍ ലഭിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. സമാനമായ തട്ടിപ്പ് കൂടുതല്‍ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് രാമാനാട്ടുകര നഗരസഭ. സെക്രട്ടറിയുെട പരാതിയില്‍ കേസെടുത്ത പൊലിസ്, ഉദ്യോഗസ്ഥരില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. അതിനിടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ ലഭിച്ചെന്ന് തെളിഞ്ഞു. 68ാം വാര്‍ഡിലാണ് ക്രമക്കേട് നടന്നത്.  നേരത്തെ കോർപറേഷൻ കണ്ടെത്തിയ 6 അനധികൃത കെട്ടിടങ്ങൾക്കു പുറമേയാണ് ഇത്. ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോര്‍പ്പറേഷന്‍ റിജനല്‍ ജോയിന്‍റ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യം കൂടി ഉൾപ്പെട്ടതിനാൽ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സംഘം സമഗ്ര അന്വേഷണം നടത്തണം. ഓഫിസ് യൂസർനെയിം, പാസ് വേർഡ് എന്നിവ ഉപയോഗിക്കുന്ന കാര്യത്തിൽ ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. ഓഫിസിലെത്തുന്ന ആർക്കും സോഫ്റ്റ് വെയർ ഉപയോഗിക്കാൻ കഴിയുന്ന വിധം അലക്ഷ്യമായാണ് പാസ്്വേർഡ് ഉപയോഗിക്കുന്നത്. സോഫ്റ്റ് വെയർ പ്രശ്നം എല്ലായിടത്തും ഉള്ളതിനാൽ സംസ്ഥാനമൊട്ടാകെ ഇക്കാര്യത്തിൽ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

ഇതുവരെ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രം. ക്രമക്കേടിലൂടെ ഭീമമായ നഷ്ടമാണ് ഇതിനോടകം ഉണ്ടായത്. അഴിമതിയും ക്രമക്കേടുകളും കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമല്ലെന്ന് തെളിയുമ്പോള്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്.

MORE IN KERALA
SHOW MORE