മഷിയിട്ടു നോക്കിയാൽ കാണില്ല; ഷോട്സിന്റെ ലെയ്സിൽ മുതൽ ഷൂവിന്റെ സോളിനുള്ളിൽ വരെയാക്കി എംഡിഎംഎ

mdm
SHARE

അതിർത്തി കടന്നെത്തുന്ന ലഹരിക്കേസുകളിൽ മുങ്ങിത്തപ്പുകയാണ് കൊല്ലം ജില്ല. ലഹരി സംബന്ധമായ കേസുകൾ കൂടുന്നുണ്ടെന്നും കുട്ടികളും സ്ത്രീകളും പ്രതികളാകുന്നുണ്ടെന്നും പൊലീസ് പറയുന്നു. അതിർത്തികളിൽ കണ്ണടയ്ക്കുന്നത് മുതൽ ഇടനില നിന്നാൽ കിട്ടുന്ന സാമ്പത്തിക ലാഭം വരെ കാരണങ്ങൾ പലതുണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടാൻ.

വഴിയില്ലാതെ കാരിയർ ആകും

തുടക്കത്തിൽ ആഡംബര ബൈക്ക് ഓടിക്കാൻ നൽകിയും പോക്കറ്റ് മണി നൽകിയുമാണ് ലഹരി സംഘം വിദ്യാർഥികളെ കാരിയർമാരാക്കി മാറ്റുന്നത്. തുടക്കത്തിൽ ഇവർക്കും ലഹരി നൽകി വരുതിയിലാക്കും. പിന്നീട് ലഹരിക്ക് നൽകാൻ പണമില്ലാതെ വരുമ്പോൾ ഇവരോട് കാരിയർമാരാകാൻ ആവശ്യപ്പെടും. ബെംഗളൂരുവിൽ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾ മുതൽ ടെക്കികൾ വരെ എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കളുടെ വാഹകരാവുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

സാമ്പത്തിക നേട്ടവും ആഡംബര ജീവിതവുമാണ് കൗമാരക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്. ബെംഗളൂരുവിൽ വ്യാപകമായി കുറഞ്ഞ വിലയിൽ ലഭിക്കുന്ന ലഹരി വസ്തുക്കൾ അതിർത്തി കടക്കുമ്പോൾ 10 ഇരട്ടിയോളമാണ് വില വർധന. സാമ്പത്തികമായി ഭേദപ്പെട്ട വീടുകളിലെ യുവാക്കളോട് സൗഹൃദം കൂടി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന സംഭവങ്ങളും കൂടുതലാണെന്ന് എക്സൈസ് അധികൃതർ പറയുന്നു. 

വഴി തുറന്ന് അതിർത്തി

വിവിധ പേരുകളിലുള്ള ലക്ഷക്കണക്കിനു പാക്കറ്റ് പാൻമസാലകൾ ആര്യങ്കാവ് അതിർത്തിയിലൂടെ തടസ്സമില്ലാതെ ഒഴുകയാണ്. 100 രൂപ വരെ ഈടാക്കുന്ന ചെറിയ പാൻ‌മസാലകൾക്ക് ശരിക്കും 10 രൂപയിൽ താഴെ മാത്രമാണ് വില. കോവിഡ് കാലത്തിനു മുൻപു വരെ ശക്തമായിരുന്ന പരിശോധനകൾ ഇല്ലാതായതോടെ വിൽപനയ്ക്കു തടസ്സമില്ലാതായി.

പൊലീസ്, എക്സൈസ് അധികൃതർക്കു വ്യക്തമായ വിവരം ലഭിക്കുന്നുണ്ടെങ്കിലും നിയമനടപടികൾ വല്ലപ്പോഴും മാത്രമെന്നാണ് ആരോപണം. കെഎസ്ആർടിസി, തമിഴ്നാട് ബസ് എന്നിവയിലും ലഹരി വ്യാപകമായി കടത്തുന്നുണ്ട്. എക്സൈസ് ചെക്പോസ്റ്റിൽ ബസുകളിൽ പരിശോധന വിരളമായിട്ടെ നടത്താറുള്ളൂ. കൊല്ലം–തിരുമംഗലം ദേശീയപാതയിലും പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം. 

മഷിയിട്ടു നോക്കിയാൽ കാണില്ല

ഷോട്സിന്റെ ലെയ്സ് മുതൽ ഷൂവിന്റെ സോളിനുള്ളിൽ വരെയാക്കി എംഡിഎംഎ നാട്ടിലെത്തുന്നുണ്ട്. സംശയം തോന്നി പൊലീസ് പരിശോധിച്ചാലും കണ്ടെത്താനാകാത്ത വിധം സംവിധാനമൊരുക്കിയാണ് എംഡിഎംഎ കടത്തുന്നത്. 5 ഗ്രാം വരെയുള്ള ചെറിയ പൊതികളായതിനാൽ ഒളിപ്പിക്കാനും എളുപ്പം. അതിർത്തി കടന്നാണ് ലഹരി എത്തുന്നതെങ്കിലും തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും പ്രതിസന്ധികളുണ്ടെന്ന് പൊലീസ് പറയുന്നു.

അഞ്ചലിൽ പിടിയിലായ കാസർകോട് സ്വദേശിയുടെ ബന്ധങ്ങളെപ്പറ്റി അന്വേഷണം നടന്നെങ്കിലും മറ്റു പ്രതികളെ പിടികൂടാനായില്ല.നാഷനൽ പെർമിറ്റ് ലോറികളിൽ ക്ലീനർ ജോലിക്കായി പ്രവേശിച്ച് തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ എത്തി അവിടെയുള്ള ലഹരി വിൽപന സംഘങ്ങളുമായി സൗഹൃദം സ്ഥാപിച്ച ശേഷം തിരികെ നാട്ടിലെത്തി ലഹരി സാധനങ്ങൾ വാങ്ങി ‍വിൽപന നടത്തുന്ന ഒട്ടേറെ യുവാക്കൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.   

ഇതര സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനെന്ന പേരിൽ പോയ ശേഷമാണ് ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വരുന്നത്. ചിലർക്ക് സ്വന്തമായും വാഹനങ്ങൾ ഉണ്ട്. ഇതിൽ പ്രത്യേക അറകളും നിർമിച്ചിരിക്കുന്നതിനാൽ പലപ്പോഴും പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ സാധിക്കില്ല. 

MORE IN KERALA
SHOW MORE