ജലമേളയ്ക്ക് ഒരു മാസം; തോട്ടപ്പുഴശേരിഭാഗത്തെ ചെളി മാറ്റുന്നില്ല; പരാതി

pamba-clean
SHARE

ആറന്‍മുള ജലമേളയുടെ ഫിനിഷിങ് പോയിന്‍റില്‍ തോട്ടപ്പുഴശേരി ഭാഗത്തെ ചെളി നീക്കാന്‍ ഇറിഗേഷന്‍ വകുപ്പ്  തയാറാകുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍. ആറന്‍മുള വള്ളസദ്യയടക്കം തുടങ്ങാനിരിക്കെ പള്ളിയോടം ആറ്റിലിറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടുതൽ തടസങ്ങളുള്ള സ്ഥലത്താണ് പണികളെന്നും യന്ത്രങ്ങൾ കിട്ടുന്ന മുറയ്ക്ക് ചെളി നീക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു..

ഇറിഗേഷന്‍ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പമ്പയിലെ ചെളിയും മണല്‍പ്പുറ്റുകളും നീക്കം ചെയ്യുന്നത്. 2018ലെ പ്രളയത്തിലാണ് വലിയതോതില്‍ ചെളി അടിഞ്ഞത്. ചെളി മാറ്റാന്‍ തുടങ്ങിയെങ്കിലും സത്രക്കടവിന് എതിര്‍വശത്ത് തോട്ടപ്പുഴശേരിഭാഗത്തെ ചെളി മാറ്റുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വള്ളസദ്യ തുടങ്ങാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആറന്‍മുള ജലമേള വിപുലമായി ആഘോഷിക്കാനിരിക്കുകയാണ്. പക്ഷെ പള്ളിയോടം ആറ്റിലിറക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് കരക്കാര്‍ പറയുന്നു. വള്ളസദ്യക്ക് കിഴക്ക്, പടിഞ്ഞാറ് മേഖലകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ കെട്ടിയിടാനും കഴിയില്ല. നിരന്തരമായ പരാതികള്‍ക്കൊടുവില്‍ ഒരു ദിവസം മാത്രം പണി നടന്നെന്ന് പഞ്ചായത്തംഗം അടക്കമുള്ളവര്‍ പറയുന്നു. മഴ കനത്താല്‍ ചെളി നീക്കം നിലയ്ക്കും . ചെളി നീക്കിയില്ലെങ്കില്‍ ജലമേളയുടെ കാഴ്ചക്കാര്‍ക്ക് നില്‍ക്കാനും സ്ഥലമില്ല.

പമ്പയില്‍ കുറിയന്നൂര്‍ മേഖലയില്‍ നിന്ന് പുനരുജ്ജീവന പദ്ധതിയുടെ പേരില്‍ മണല്‍ വാരിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മണല്‍ തിരികെ നിക്ഷേപിച്ചു. മണലുള്ള ഭാഗത്ത് നിന്ന് മണല്‍ കടത്താനാണ് ശ്രമമെന്നും ചെളി നീക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ചെളി ഉടനടി നീക്കിയില്ലെങ്കില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്നും ജനങ്ങള്‍ക്ക് ഭയമുണ്ട്.

MORE IN KERALA
SHOW MORE