പെരുമാട്ടിയിലെ ആദിവാസികൾക്ക് സ്വന്തം ഭൂമിയായി; സൊസൈറ്റി രൂപീകരിച്ച് കൃഷി തുടങ്ങും

tribalpattayam
SHARE

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ആദിവാസികള്‍ക്ക് സ്വന്തമായ ഭൂമിയില്‍ സൊസൈറ്റി രൂപീകരിച്ചുള്ള കൃഷിക്ക് തുടക്കമാകും. പാലക്കാട് ജില്ലയില്‍ മാത്രം മുന്നൂറ് കുടുംബങ്ങള്‍ക്കാണ് ഓരോ ഏക്കര്‍ വീതം ഭൂമി സര്‍ക്കാര്‍ വിതരണം ചെയ്തത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചിറ്റൂരില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണിനെ കൂട്ടായ്മയിലൂടെ കൃഷിയോഗ്യമാക്കാന്‍ തീരുമാനിച്ചു. 

സ്വന്തമായി മണ്ണില്ലാതിരുന്ന ചിറ്റൂര്‍ പെരുമാട്ടിയിലെ ആദിവാസികള്‍ 2009 ല്‍ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി സമരം തുടങ്ങി. കുടിലുകള്‍ പൊലീസ് പൊളിച്ച് നീക്കി. നിലവിലെ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അന്ന് പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. അര്‍ഹരായവര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ഒരേക്കര്‍ ഭൂമി വീതം നല്‍കാന്‍ നടപടിയെടുക്കാമെന്ന് തഹസില്‍ദാര്‍ വാഗ്ദാനം നല്‍കി. അപേക്ഷ നല്‍കിയിട്ടും അര്‍ഹതയുള്ളവര്‍ക്ക് ഭൂമി കിട്ടാന്‍ വൈകി. പിന്നാലെയാണ് പെരുമാട്ടി പ‍ഞ്ചായത്ത് അംഗമായിരുന്ന ശിവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആറ് വര്‍ഷത്തിന് ശേഷം അനുകൂല വിധിയുണ്ടായി. പാലക്കാട് ജില്ലയിലെ മുന്നൂറ് ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം മണ്ണ്. 

അടുത്തിടെയാണ് ഭൂമിയുടെ പട്ടയം വിതരണം ചെയ്തത്. മണ്ണാര്‍ക്കാട്, തെങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ അനുവദിച്ച ഭൂമിയില്‍ ഒറ്റയ്ക്ക് കൃഷിയിറക്കാനുള്ള ആദിവാസികളുടെ പ്രതിസന്ധി മനസിലാക്കി മറ്റൊരു നിര്‍ദേശമുണ്ടായി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അനുവദിച്ച ഭൂമിയില്‍ പ്രത്യേക സൊസൈറ്റി രൂപീകരിച്ച് കൃഷിയിറക്കി ആദിവാസികള്‍ക്ക് വിഹിതം കൈമാറും. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ സഹായപദ്ധതികളും പ്രയോജനപ്പെടുത്തും. പൂര്‍ണ യോജിപ്പെന്നറിയിച്ച് നിരവധി കുടുംബങ്ങളാണ് സമ്മതപത്രം കൈമാറിയത്.

MORE IN KERALA
SHOW MORE