
തൃശൂര്‍ പീച്ചി ഡാമിന്റെ മേല്‍ത്തട്ടില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന സംവിധാനത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങി. അടിത്തട്ടില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ ചെളിവെള്ളമായിരുന്നു കോര്പറേഷന് പരിധിയില്‍ ഇതുവരെ ലഭിച്ചിരുന്നത്. ഇനി മുതല്‍, നല്ല വെള്ളം കിട്ടുമെന്നാണ് പ്രതീക്ഷ.
കുറേക്കാലമായി തൃശൂര്‍ കോര്പറേഷന് പരിധിയില്‍ ജനങ്ങള്‍ക്കു കിട്ടുന്നത് ചെളിവെള്ളമാണ്. പീച്ചി ഡാമിന്റെ അടിത്തട്ടില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതായിരുന്നു ഇതിനു കാരണം. ഈ പ്രശ്നത്തിനു പരിഹാരമായി മേല്‍ത്തട്ടിലെ വെള്ളം പമ്പ് ചെയ്യാന്‍ കോര്പറേഷന് തീരുമാനിച്ചു. ഇതിനായി വന്‍തുക മുടക്കി പ്രത്യേക സംവിധാനവും സ്ഥാപിച്ചു. മൂന്ന് കൂറ്റന്‍ മോട്ടോറുകളാണ് സ്ഥാപിച്ചത്. പ്രതിദിനം ഇരുപതുദശലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിയും. തേക്കിന്‍ക്കാട് മൈതാനത്തെ ടാങ്കിലേയ്ക്ക് ആദ്യഘട്ടത്തില്‍ വെള്ളം എത്തും. ഇവിടെ നിന്നാണ് ജലിവതരണം.
മേല്‍ത്തട്ടില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് മുന്നോടിയായി ശുദ്ധജലവിതരണം നിര്‍ത്തിവച്ചിരുന്നു. ഇന്ന് മുതല്‍ പമ്പിങ് പുനരാരംഭിക്കുന്നതോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കും. കുടിവെള്ളം കലക്കവെള്ളമായതില് പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു മാസമായി കോര്‍പറേഷനില്‍ സമര കോലാഹലമായിരുന്നു. ഇതിന് പിന്നാലെയാണ്, പുതിയ പമ്പിങ് വേഗത്തിലാക്കിയത്.