എം.ആര്‍.അജിത്കുമാറിനെ മാറ്റിയിട്ട് രണ്ടാഴ്ച്ച; വിജിലൻസ് മേധാവിയെ നിശ്ചയിക്കാതെ സർക്കാർ

vigilance-office
SHARE

എം.ആര്‍.അജിത്കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി രണ്ടാഴ്ചയായിട്ടും പുതിയ മേധാവിയെ നിശ്ചയിക്കാതെ സര്‍ക്കാര്‍. വിശ്വസ്തരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താത്തതാണ് നിര്‍ണായക കസേര ഒഴിച്ചിടാന്‍ കാരണം. അതിനിടെ അടുത്ത ആഴ്ച ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.കെ.ജോസും വിരമിക്കുന്നതോടെ ആഭ്യന്തരവകുപ്പില്‍ വന്‍ അഴിച്ചുപണിക്ക് കളം ഒരുങ്ങിയേക്കും.

മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി തിരുത്താന്‍ സ്വപ്നയോട് ആവശ്യപ്പെട്ട ഷാജ് കിരണുമായി വഴിവിട്ട അടുപ്പം പുലര്‍ത്തിയെന്ന് തെളിഞ്ഞതോടെയാണ് എം.ആര്‍.അജിത് കുമാറിന് വിജിലന്‍സ് മേധാവി സ്ഥാനം തെറിച്ചത്. അജിത്കുമാറിന് അപ്രധാനമായ മറ്റൊരു പദവി നല്‍കിയെങ്കിലും സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞാല്‍ ഏറ്റവും പ്രധാന കസേരയായ വിജിലന്‍സ് മേധാവി സ്ഥാനം പതിനാല് ദിവസമായി ഒഴിഞ്ഞ് കിടക്കുകയാണ്. ഐ.ജി H.വെങ്കിടേഷിന് താല്‍കാലിക ചുമതലയുണ്ടെന്ന് മാത്രം. DGP അല്ലങ്കില്‍ എ.ഡി.ജി.പി റാങ്കിലുള്ളയാളാണ് വിജിലന്‍സ് ഡയറക്ടറാകേണ്ടത്.  ടോമിന്‍ തച്ചങ്കരി, സുധേഷ്കുമാര്‍, ബി.സന്ധ്യ എന്നിവരാണ് DGPമാരായുള്ളത്.  സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയായി തുടരുകയും സുധേഷ്കുമാറിനെ അടുത്തിടെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതുമാണ്. തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസുമുണ്ട്. അതിനാല്‍ ഈ പേരുകളിലേക്ക് ആലോചനയില്ല. 

എ.ഡി.ജി.പിമാരിലേക്കെത്തിയാല്‍ എസ്. ആനന്ദകൃഷ്ണന്‍ മുതല്‍ ബല്‍റാംകുമാര്‍ ഉപാധ്യായ വരെ 10 പേര്‍ പട്ടികയിലുണ്ട്. സര്‍ക്കാരിന് താല്‍പര്യവും വിശ്വാസവുമുള്ളവരെല്ലാം ഇപ്പോള്‍ തന്നെ പ്രധാന പദവികളിലാണ്. ഇതില്‍ ഏതിലെങ്കിലും അഴിച്ചുപണി നടത്തിയാല്‍ മാത്രമേ പുതിയ വിജിലന്‍സ് മേധാവിയെ കണ്ടെത്താനാവു. അതിന് മുഖ്യമന്ത്രിയുടെ അനുവാദം ലഭിക്കാത്തതാണ് വിജിലന്‍സ് കസേര ഒഴിഞ്ഞുകിടക്കാന്‍ കാരണം. അതിനിടെ നിയമനത്തിന് നേതൃത്വം നല്‍കേണ്ട ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് ഈ മാസം വിരമിക്കും. അതിനാല്‍ അടുത്ത ആഴ്ചയോടെ പുതിയ ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് മേധാവിയും തുടങ്ങി നിര്‍ണാകയ പദവികളില്‍ ആളേക്കണ്ടെത്തി വകുപ്പില്‍ അഴിച്ചുപണി നടത്താനാണ് ഇപ്പോളത്തെ ആലോചന.

MORE IN KERALA
SHOW MORE