സർക്കാർ മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം; അംഗനവാടിയുടെ പ്രവർത്തനം തടഞ്ഞതായി പരാതി

anganwadi
SHARE

സർക്കാർ മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് വൈക്കം വെള്ളൂരിലെ അംഗനവാടിയുടെ പ്രവർത്തനം തടഞ്ഞതായി പരാതി. മേവെള്ളൂർ എസ്. എൻ. ഡി. പി ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിയുടെ പ്രവർത്തനമാണ് സാമൂഹ്യ നീതി വകുപ്പ്  തടഞ്ഞത്. . ഒമ്പത് വർഷമായി പ്രവർത്തിച്ചിരുന്ന അംഗനവാടിക്ക് ഇ ഫിറ്റ്നസ് നൽകാൻ കഴിയില്ലെന്ന പഞ്ചായത്ത് എൻജിനിയറുടെ തീരുമാനത്തിലാണ് പ്രതിഷേധമുയരുന്നത്.

 വൈക്കത്ത് അംഗനവാടി കെട്ടിടം തകർന്ന് ഒരു കുട്ടിക്ക് ഗുരുതരപരിക്കേറ്റതോടെയാണ് സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാരിൻ്റെ കർശന നിർദ്ദേശങ്ങൾ ഉണ്ടായത്. എന്നാൽ  യഥാർത്ഥ സ്ഥിതി വിലയിരുത്താതെ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ  പരാതി. വെള്ളൂർ ചെറുകര പാലത്തിന് സമീപമുള്ള കുട്ടികൾ ഒമ്പത് വർഷമായി പഠിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്.ഒരു മാസമായി പ്രവർത്തനം നിലച്ചതോടെ  കുട്ടികളെ 2 കിലോമീറ്റർ അകലെയുള്ള അംഗനവാടികളിലെത്തിക്കേണ്ട സ്ഥിതിയായതോടെയാണ് പ്രതിഷേധം ശക്തമായത്. പുഴയോരത്താണ് അംഗനവാടിയുള്ള ഹാൾ സ്ഥിതി ചെയ്യുന്നത്. ക്ലാസ് മുറിയായി തിരിച്ചിട്ടില്ലാത്തതും ഫിറ്റ്നെസ് നൽകാത്തതിനു കാരണമെന്ന് പഞ്ചായത്തംഗം പറയുന്നു

കെട്ടിടം നിർമ്മിക്കാൻ സ്‌ഥലം സൗജന്യമായി നൽകി. ഇവിടെ കെട്ടിടം നിർമ്മിക്കുന്നതു വരെ അംഗനവാടി പ്രവർത്തിക്കാൻ അനുമതി വേണമെന്നാണ് ആവശ്യം.കുട്ടികൾ നിലവിലെ ഹാളിൽ സുരക്ഷിതരാണെന്നും തങ്ങൾക്ക് ആശങ്കയില്ലെന്നും രക്ഷിതാക്കൾ പറയുന്നു.

നിലവിൽ ഇവിടെ പ്രവർത്തിക്കാൻ അനുമതി തേടി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ  സമീപിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം

MORE IN KERALA
SHOW MORE