ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ സര്‍വേ നടപടികള്‍ക്ക് തുടക്കം

aavikal
SHARE

കടുത്ത പ്രതിഷേധത്തെ അവഗണിച്ച് കോഴിക്കോട് ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ സര്‍വേ നടപടികള്‍ക്ക് തുടക്കമായി. നടപടിക്കെതിരെ പ്രതിഷേധിച്ച വനിതകളടക്കമുള്ള മുപ്പതോളം സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലാന്‍റ് സ്ഥാപിച്ചേ മതിയാകൂ എന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി വ്യക്തമാക്കി. എന്നാല്‍ സര്‍വ്വേ തടയുമെന്ന് ആവര്‍ത്തിക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. 

രാവിലെ 7.45ഓടെയാണ് വന്‍ പൊലിസ് സന്നാഹത്തോടെ ആവിക്കല്‍ പ്ലാന്‍റിന്‍റെ സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. വിവരം അറിഞ്ഞ് കുതിച്ചെത്തിയ രണ്ട് പ്രതിഷേധക്കാരെ ആദ്യമേ അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ സംഘടിച്ച നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ ഉന്തും തള്ളുമായി.  തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചു. 

വിഷയത്തില്‍ എംകെ രാഘവന്‍ എംപി ഇടപെട്ടു. കലക്ടര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു.  ആവശ്യം തള്ളിയ ജില്ലാ കലക്ടര്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ജില്ലാഭരണകൂടം ബാധ്യസ്ഥരാണെന്നും അറിയിച്ചു.  കലക്ടര്‍ തീരുമാനം അറിയിച്ചതിന് പിന്നാലെ കുത്തിയിരുന്ന് പ്രതിഷേധിച്ച മുപ്പതോളം പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. 

MORE IN KERALA
SHOW MORE