യുവാവിന്‍റെ ഫോണിൽ നിന്ന് നമ്പർ കൈക്കലാക്കി; സ്ത്രീകളെ ശല്യംചെയ്ത പൊലീസുകാരന് സസ്പെന്‍ഷന്‍

police
SHARE

സ്ത്രീകളെ ശല്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനു സസ്പെന്‍ഷന്‍ . പത്തനംതിട്ട സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍‍ഡ് ചെയ്തത്. കൊല്ലം സ്വദേശിയായ യുവാവിന്‍റെയും സുഹൃത്തിന്‍റെയും പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. 

 പത്തനംതിട്ട ജില്ലാ പൊലീസ് യുവാവിനെ വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷ് യുവാവിന്‍റെ ഫോണ്‍ കൈക്കലാക്കുകയും ഫോണില്‍ നിന്ന് യുവതികളുടെ നമ്പറുകള്‍ ശേഖരിക്കുകയും ചെയ്തതായാണ് പരാതി. യുവാവിന്‍റെ വനിതാ സുഹൃത്തിന്‍റെ സ്വകാര്യ വിഡിയോകളും അഭിലാഷ് സ്വന്തം ഫോണിലേക്ക് മാറ്റി. തുടര്‍ന്ന് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുകയും വിഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലൈംഗീക ചൂഷണ ശ്രമമുണ്ടായതോടെ യുവതി എസ്പിക്ക് പരാതി നല്‍കി. യുവാവ് റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായി പൂറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അഭിലാഷിന്‍റെ ഫോണ്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെ‌ടുത്തിരുന്നു. സ്പെഷല്‍ ബ്രാഞ്ചും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് അഭിലാഷിനെ ജില്ലാ പൊലിസ് മേധാവി, സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെയും കേസെ‌ടുത്തിട്ടില്ലെന്നും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

MORE IN KERALA
SHOW MORE