
രണ്ട് ബള്‍ബും ഒരു ഫാനും മാത്രം ഉപയോഗിക്കുന്ന വീട്ടില്‍ വൈദ്യുതി ബില്ല് വന്നത് പതിനെണ്ണായിരം രൂപ. പണം അടയ്ക്കാത്തതിന്റ പേരില്‍ കഴിഞ്ഞ നാലുമാസമായി വീട്ടിലെ വൈദ്യുതി വിഛേദിച്ചിരിക്കുകയാണ് കെ.എസ്. ഇ ബി. കോഴിക്കോട് പുതിയറയിലെ രോഗികളും നിരാലംബരുമായ ദമ്പതികളോടാണ് ഈ ക്രൂരത.
ഇരുട്ടില്‍ തപ്പിയും തടഞ്ഞും ജയേന്ദ്രനും ഭാര്യയും ജീവിതം തുടങ്ങിയിട്ട് മാസങ്ങളായി. സന്ധ്യയായാല്‍ നെഞ്ചില്‍ തീയാണ്. രാത്രി എങ്ങനെ തള്ളി നീക്കുമെന്ന ഭയം.
നവംബറിലാണ് 18321 രൂപയുടെ ബില്ല് വന്നത് . രണ്ട് ലൈറ്റും ഒരു ഫാനും മാത്രം ഉപയോഗിക്കുന്ന വീട്ടില്‍ എങ്ങനെയാണ് ഇത്രയും ബില്ലെന്ന് ജയേന്ദ്രന്‍ കെ.എസ്.ഇ ബി ജീവനക്കാരോട് പലതവണ ചോദിച്ചെങ്കിലും ഇന്നുവരെ മറുപടിയില്ല.
പണമടയ്ക്കാത്തതിന്റ േപരില്‍ കൃത്യസമയത്ത് വൈദ്യുതി ബന്ധം വിഛേദിച്ചു. ഇത്രയും തുക അടയ്ക്കാന്‍ ഇവരുടെ കൈയില്‍ പണമില്ല. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് ഇരുവരും കഴിയുന്നത് സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ജയേന്ദ്രന്‍ മൂത്രാശയ രോഗത്തെ തുടര്‍ന്ന് നാലുവര്‍ഷമായി ജോലിക്ക് പോകുന്നില്ല. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ഭാര്യയ്ക്കും ജോലിക്ക് പോകാനാകുന്നില്ല.