അനിത പുല്ലയിൽ പ്രധാന ഹാളില്‍ കടന്നില്ല; സഭാ ടിവിയുടെ ഓഫീസിലെത്തി; റിപ്പോര്‍ട്ട്

anithapullayil
SHARE

പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി മലയാളി അനിത പുല്ലയിൽ ലോക കേരള സഭ നടന്ന രണ്ടുദിവസവും നിയമസഭ സമുച്ചയത്തിൽ എത്തിയെന്ന് ചീഫ് മാര്‍ഷലിന്‍റെ റിപ്പോര്‍ട്ട്. ലോകകേരള സഭചേര്‍ന്ന പ്രധാന ഹാളില്‍ അനിത കടന്നില്ല എന്നാല്‍ സഭ ടി.വിയുടെ ഒാഫീസില്‍ ഏറെ സമയം ചെലവഴിച്ചു. അവര്‍ ഏതുഗേറ്റില്‍കൂടി അകത്തു കടന്നു എന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നും സ്്പീക്കര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു.  

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന അനിത പുല്ലയില്‍  ലോക കേരള സഭ ചേർന്ന രണ്ടു ദിവസവും നിയമസഭാ സമുച്ചയത്തിലുണ്ടായിരുന്നു. ലോകകേരളസഭ ചോര്‍ന്ന പ്രധാന ഹാളായ ശങ്കരനാരായണന്‍തമ്പി ലൗഞ്ചില്‍ അവര്‍ കടന്നില്ല. എന്നാല്‍ സഭ ടിവിയുടെ ഓഫീസിൽ ഇരുന്ന് ജീവനക്കാരുമായി സംസാരിച്ചു. നിയമസഭ ടിവിയുടെ ഒാഫീസിലെ കരാര്‍ ജീവനക്കാര്‍ ,  സാങ്കേതിക സഹായം നല്‍കുന്ന സ്വകാര്യകമ്പനിയായ ബിട്രെയ്റ്റ് സൊല്യൂഷന്‍ിലെ ജീവനക്കാര്‍ എന്നിവരില്‍ ചിലരുടെ പേര് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. വാച്ച് ആൻഡ് വാർഡ് അനിതയെ പുറത്തേക്ക് കൊണ്ടുപോയപ്പോൾ സഭാ ടി വി യിലെ ചില ജീവനക്കാർ അനുഗമിച്ചുവെന്നും ചീഫ്മാര്‍ഷലിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഏത് ഗേറ്റ് വഴിയാണ് അനിത സമുച്ചയത്തിൽ എത്തിയതെന്ന് വ്യക്തമല്ല. എല്ലാ ഗേറ്റിലും സി.സി.ടി.വി ഇല്ല. സുരക്ഷാ സംവിധാനം , സി.സി.ടി.വി നെറ്റ് വർക്ക് എന്നിവ ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാർശ ചെയ്യുന്നു. . അനിതക്ക് ലോകകേരള സഭയിലേക്ക് ക്ഷണം ഉണ്ടായിരുന്നില്ലെന്ന് നോര്‍ക്ക അറിയിച്ചിട്ടുണ്ട്. അനിത പുല്ലയിലിന് നിയമസഭ സമുച്ചയത്തില്‍ കയറാന്‍ പാസുണ്ടായിരുന്നോ, ഇല്ലെങ്കില്‍ അവര്‍ എങ്ങിനെ ഉള്ളില്‍ എത്തി, ഉദ്യോഗസ്ഥര്‍ ഇതിന് സഹായിച്ചോ,  സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ  എന്നിവയാണ്  ചീഫ്മാര്‍ഷല്‍ പ്രധാനമായി അന്വേഷിച്ചത്. 

MORE IN KERALA
SHOW MORE