'ഇനി എനിക്ക് എന്റെ വീട്ടിൽനിന്ന് ഒന്നും കിട്ടാനില്ല ; ഒരുമിച്ച് ജീവിക്കാൻ കൊതി'; വിസ്മയ അനുഭവിച്ചത്

vismaya-verdict
SHARE

വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഗാർഹിക, സ്ത്രീധന പീഡന അനുഭവങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു കിരണും വിസ്മയയും തമ്മിലുള്ള പ്രശ്നങ്ങൾ. ഭർത്താവിൽ നിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങളും രക്ഷിതാക്കളിൽനിന്നും വേർപ്പെടുത്താനുള്ള ശ്രമവും ഒടുവിൽ വിസ്മയയെ എത്തിച്ചത് ശുചിമുറി വെന്റിലേഷനിൽ ബാത്ത് ടവലിൽ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കായിരുന്നു.

വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുർവേദ കോളജിന്റെ പരിസരത്തും വിസ്മയയുടെ വീട്ടിലും കിരണിന്റെ പോരുവഴിയിലെ വീട്ടിലും ഉൾപ്പെടെ ഒരു വർഷത്തിനിടെ വിസ്മയയ്ക്ക് കിരണിൽനിന്നും പീഡനങ്ങളേറ്റ സ്ഥലങ്ങൾ ഏറെയാണ്. ആ പ്രദേശങ്ങളിലൊക്കെ വച്ച് കിരൺ വിസ്മയയെ ഉപദ്രവിക്കുന്നത് കണ്ടിരുന്ന കടയുടമകൾ, തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ഡ്രൈവർമാർ, പ്രദേശത്തെ ജനങ്ങൾ, വിസ്മയയുടെ സഹപാഠികൾ തുടങ്ങിയവരെല്ലാം കേസിൽ സാക്ഷികളാണ്.ഇവരിൽ പലരും സ്വമേധയാ അന്വേഷണസംഘത്തിനു മുൻപാകെ എത്തി വിവരങ്ങൾ കൈമാറുകയായിരുന്നു. കല്യാണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ യാത്രാമധ്യേ ഒരുവട്ടം കുണ്ടറ പേരയത്ത് വച്ച് റോഡിന്റെ സമീപത്തുള്ള ഹോംഗാർഡിന്റെ വീട്ടിലേക്കാണ് രക്ഷയ്ക്കായി വിസ്മയ ഓടിക്കയറിയത്.

ഇതിനിടെ, മാനസിക സമ്മർദം താങ്ങാനാകാതെ കൊച്ചിയിലെ കൗൺസലിങ് വിദഗ്ധനെയും വിസ്മയ ബന്ധപ്പെട്ടിരുന്നു. ഇവരെല്ലാം കേസിൽ പ്രോസിക്യൂഷൻ സാക്ഷികളാണ്. ഇടയ്ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിയ വിസ്മയ പിന്നീട് കിരൺ വിളിച്ചപ്പോൾ കോളജിൽ നിന്നും പോരുവഴിയിലേക്ക് തിരിച്ചെത്തിയത് ഒരുമിച്ച് ജീവിക്കാനുള്ള കൊതി കൊണ്ടു മാത്രമായിരുന്നു. ഇതുകൊണ്ടാണ് കിരണിന്റെ പീഡനങ്ങളെല്ലാം സഹിച്ച് ഭർതൃവീട്ടിൽ തുടർന്നതെന്നും അന്വേഷണസംഘം പറയുന്നു.വിസ്മയയുടെയും കിരണിന്റെ വാട്സാപ് സന്ദേശങ്ങൾ ഉൾപ്പെടെ തെളിവുകളായി കുറ്റപത്രത്തിൽ അന്വേഷണസംഘം ഉൾപ്പെടുത്തി. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ പലരോടും ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമായി. സാധാരണ സ്ത്രീധന പീഡനക്കേസുകളിൽനിന്നു വിഭിന്നമായി വിപുലമായ സാക്ഷിപ്പട്ടിക ഹാജരാക്കിയതും പ്രത്യേകതയാണ്.

ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി.നായരെ (21) ജൂൺ 21ന് പുലർച്ചെ 3.30ന് ആണു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടത്. വിസ്മയയുടെ ഭർത്താവായ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ അന്നു വൈകിട്ടുതന്നെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കിരൺകുമാറിനെ സർവീസിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.

വിസ്മയ കേസിൽ കിരൺകുമാറിന് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്, വിസ്മയ അനുഭവിച്ചിരുന്ന മാനസിക സംഘർഷം കിരണിന് കൃത്യമായി അറിയാമായിരുന്നതുകൊണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്നു വിസ്മയ കിരണിനോടു പലവട്ടം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഭാര്യ അങ്ങനെയൊരു അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കിരൺ പീഡനം തുടർന്നു. ഇത് ആത്മഹത്യാ പ്രേരണയാണെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.മാർച്ച് 17 ന് കിരൺ വിസ്മയയെ പന്തളത്തെ കോളജിൽ എത്തി കൂട്ടിക്കൊണ്ടു വന്ന ശേഷം അമ്മയോടു മാത്രം ഫോണിൽ സംസാരിക്കാനേ അനുവാദം നൽകിയിരുന്നുള്ളൂ. അച്ഛനോടും സഹോദരനോടും വലിയ സ്നേഹബന്ധമുണ്ടായിരുന്ന വിസ്മയയ്ക്ക് അവരോടു സംസാരിക്കാനാകാഞ്ഞത് വലിയ മാനസിക ആഘാതമായി. ഇതിനിടെ സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ തുടരുകയും ചെയ്തു.

ഇനി എനിക്ക് എന്റെ വീട്ടിൽനിന്ന് ഒന്നും കിട്ടാനില്ല എന്നു സൂചിപ്പിച്ചു ഭർത്താവിന്റെ സഹോദരിക്കും സന്ദേശം അയച്ചിരുന്നു. അവസാന ദിവസം വഴക്കിട്ട ശേഷം വിസ്മയയുടെ ഫോണിലെ കോണ്ടാക്ടുകളെല്ലാം കിരൺ ഡിലീറ്റു ചെയ്തു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോഴാണ് വിസ്മയ ജീവനൊടുക്കാൻ തുനിഞ്ഞതെന്ന് പൊലീസ് പറയുന്നു.

പ്രതീക്ഷയ്ക്കനുസരിച്ചുള്ള സ്ത്രീധനം ലഭിക്കാതിരുന്നതിനാൽ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. സ്ത്രീധനമായി ലഭിച്ച കാർ പ്രതിക്കു താൽപര്യമില്ലാത്തതായിരുന്നു എന്നതാണ് പീഡനത്തിന്റെ പ്രധാന കാരണമായതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.കല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം വിസ്മയയുടെ ഫോൺ കിരൺ നശിപ്പിച്ചിരുന്നു. ഏപ്രിൽ നാലിന് മറ്റൊരു ഫോണും തകർത്തു. മൂന്നാമത്തെ ഫോൺ വിസ്മയ മരിക്കുന്നതിന്റെ തലേദിവസമാണ് നശിപ്പിക്കുന്നത്.

MORE IN KERALA
SHOW MORE