വിചാരണാ വേളയിൽ വീണ്ടും വിസ്മയയുടെ ആ നിലവിളി; കേട്ടു നിന്നവരും കരഞ്ഞു

vismaya-verdict
കടപ്പാട്– എംഎസ് മഹേഷ് ഫോട്ടോഗ്രാഫി
SHARE

കൊല്ലം ∙ മരിച്ചുപോയൊരാളുടെ നെഞ്ചു പിളർക്കുന്ന നിലവിളി വിചാരണാ വേളയിൽ വീണ്ടും വീണ്ടും മുഴങ്ങിക്കേൾക്കുക എന്ന അപൂർവതയും വിസ്മയ കേസിന്റെ ഭാഗമായി. വിസ്മയ ബന്ധുക്കളോടും സുഹൃത്തുക്കളോടും താൻ നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പറയുന്ന ശബ്ദസന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമായിരുന്നു കേസിലെ നിർണായക തെളിവുകൾ. മർദനത്തിലും അപമാനത്തിലും മനം നൊന്ത് ‘എനിക്കിനി വയ്യെ’ന്ന് വിസ്മയ കരഞ്ഞു പറഞ്ഞത് പലവട്ടം കോടതി മുറിയിൽ മുഴങ്ങി. കേട്ടു നിൽക്കുന്നവരെ കൂടി കരയിപ്പിക്കുന്നതായിരുന്നു അത്.

‘വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറേ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി.’ – വിസ്മയ ബന്ധുവിന് അയച്ച ശബ്ദ സന്ദേശങ്ങളിലൊന്നായിരുന്നു ഇത്..

വിസ്മയയെ കിരൺ ഉപദ്രവിക്കുന്നതിന് സാക്ഷിയായ ഹോസ്റ്റൽ വാർഡൻ, ഡ്രൈവർമാർ, വിസ്മയ അടികൊണ്ട് ഓടിക്കയറിയ വീട്ടിലെ ഹോം ഗാർഡ്, സ്ത്രീധന പീഡന വിവരങ്ങൾ പങ്കുവച്ചിരുന്ന കൗൺസലർ, വിസ്മയയുടെ സുഹൃത്തുക്കൾ എന്നിവരെല്ലാം സ്വമേധയാ സാക്ഷികളാവാനും മുന്നോട്ടു വന്നു. പലയിടങ്ങളിൽ വച്ച് വിസ്മയയ്ക്ക് മർദനമേറ്റിരുന്ന കാര്യം അതു വഴി ഉറപ്പായി.

MORE IN KERALA
SHOW MORE